ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ– സൗദി വ്യാപാര ഇടപാടുകൾ രൂപയിലും റിയാലിലുമാക്കാനുള്ള നടപടികൾ ഉടൻ ഫലപ്രാപ്തിയിലെത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഡൽഹി സന്ദർശനവേളയിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കു തുടക്കമായി. ഇന്ത്യയുടെ നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വീസാ ഇളവു നൽകുന്ന കാര്യം സൗദി അറേബ്യ പരിഗണിക്കും. ഇന്ത്യൻ തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും കൂട്ടായ നടപടികളുണ്ടാകും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടന്ന ചർച്ചകൾക്കിടെ 8 കരാറുകൾ ഒപ്പുവച്ചു. ഊർജം, ഡിജിറ്റൈസേഷൻ–ഇലക്ട്രിക് ഉപകരണ നിർമാണം, അഴിമതിക്കെതിരായ സഹകരണം, ദേശീയ ആർക്കൈവുകൾ ഗവേഷണത്തിനും മറ്റും ഉപയോഗിക്കാനുള്ള സഹകരണം, നിക്ഷേപങ്ങൾ, എക്സിം ബാങ്ക്, ചെറുകിട–ഇടത്തരം വ്യവസായങ്ങൾ, കടൽവെള്ള ശുദ്ധീകരണം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പുവച്ചത്. തന്ത്രപ്രധാന സഹകരണം സംബന്ധിച്ച ധാരണയിലും ഇരു നേതാക്കളും ഒപ്പുവച്ചു. സ്റ്റാർട്ടപ്പുകൾ, പ്രതിരോധം, കൃഷി, ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ, ടൂറിസം അടക്കമുള്ള മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

സൗദിയിൽ റുപേ കാർഡ് അനുവദിക്കുന്നതിന്റെ സാധ്യതകൾ ആരായും. ഹജ്, ഉംറ തീർഥാടകർക്കും സൗദിയിലെ ഇന്ത്യക്കാർക്കും ഇത് ഉപകാരപ്പെടും. ഇന്ത്യ–സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗത്തിൽ ഇരുവരും അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സുരക്ഷാ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിനും സാമ്പത്തിക സഹകരണത്തിനും 2 മന്ത്രിതല സമിതികളുണ്ടാക്കി. 

ഇന്ത്യയിൽ സൗദി നടത്തുന്ന 10,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ ഊർജിതപ്പെടുത്തും. നേരത്തേ തുടക്കമിട്ട റിഫൈനറി പദ്ധതി ഊർജിതപ്പെടുത്താൻ പ്രത്യേക കർമസേന രൂപീകരിക്കും. പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ പ്രത്യേക മേൽനോട്ട സമിതിയും രൂപീകരിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിനിമാ നിർമാണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കും. ഇന്ത്യ–ജിസിസി സ്വതന്ത്ര വ്യാപാര കരാറിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ചർച്ച നടത്തിയ മുഹമ്മദ് ബിൻ സൽമാൻ ഇന്നലെ രാത്രി മടങ്ങി. 

‘ഭീകരതയെ മതവുമായി ബന്ധിപ്പിക്കാനാകില്ല’

ഭീകരവാദത്തെ ഏതെങ്കിലും മതത്തോടോ സമുദായത്തോടോ ബന്ധിപ്പിക്കുന്നതിനെ തള്ളി ഇന്ത്യ–സൗദി സംയുക്ത പ്രസ്താവന. മറ്റു രാജ്യങ്ങൾക്കെതിരെ തീവ്രവാദം ആയുധമാക്കരുതെന്നു ലോകരാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുമുണ്ട്. 

English Summary: India-Saudi talks on Rupee-Riyal trade deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com