ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ആദ്യ സംയുക്ത റാലി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ഒക്ടോബർ ആദ്യവാരം നടക്കും. എൻസിപി നേതാവ് ശരദ് ‍പവാറിന്റെ ‍ഡൽഹിയിലെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി ഏകോപന സമിതി യോഗമാണ് ബിജെപിക്കെതിരായ സംയുക്ത റാലി പ്രഖ്യാപിച്ചത്. 

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥികളെ എത്രയും വേഗം തീരുമാനിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. രാജ്യത്തുടനീളം ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഒറ്റക്കെട്ടായി ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചു. ഹിന്ദു വോട്ട് ബാങ്കിൽ ബിജെപിക്കുള്ള മേൽക്കൈ അവസാനിപ്പിക്കാൻ ഒബിസി വിഭാഗങ്ങളെ ഒപ്പംനിർത്തിയുള്ള ജാതി രാഷ്ട്രീയം പയറ്റാനാണ് ഈ ആവശ്യം പ്രതിപക്ഷം ഉന്നയിക്കാനൊരുങ്ങുന്നത്. 

മധ്യപ്രദേശിൽ ഈ വർഷമവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തെ 27 കക്ഷികൾ ഒറ്റക്കെട്ടായി ഭോപാലിൽ അണിനിരക്കുന്നത്.  പവാർ, വേണുഗോപാൽ എന്നിവർക്കു പുറമേ ടി.ആർ.ബാലു (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (ജെഎംഎം), തേജസ്വി യാദവ് (ആർജെഡി), രാഘവ് ഛദ്ദ (ആം ആദ്മി), ഡി.രാജ (സിപിഐ), സഞ്ജയ് റൗത്ത് (ശിവസേന), മെഹബൂബ മുഫ്തി (പിഡിപി), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ജാവേദ് അലി (സമാജ്‌വാദി പാർട്ടി) എന്നിവരും യോഗത്തിൽ പങ്കെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനാൽ അഭിഷേക് ബാനർജിക്ക് (തൃണമൂൽ) എത്താനായില്ല. 

ചില ചാനൽ ചർച്ചകൾ ബഹിഷ്കരിക്കും

ബിജെപിയുടെ വക്താക്കളെപ്പോലെ പെരുമാറുന്നുവെന്നു പ്രതിപക്ഷം ആരോപിക്കുന്ന ഏതാനും വാർത്താ അവതാരകരെ ബഹിഷ്കരിക്കാൻ ഇന്ത്യ മുന്നണി കക്ഷികൾ തീരുമാനിച്ചു. ഇവരുടെ പട്ടിക പുറത്തുവിടും. 

English Summary :  'India' alliance first Joint rally in Bhopal on First week of October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT