ഹൈദരാബാദ് ∙ വർഷാവസാനം നിയമസഭാതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന തെലങ്കാനയിലെ ജനങ്ങൾക്കു ക്ഷേമവാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു പോരാട്ടത്തിനു കോൺഗ്രസ് കച്ചമുറുക്കി. പ്രവർത്തക സമിതിയംഗങ്ങൾ അണിനിരന്ന പൊതുസമ്മേളനത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും ചേർന്ന് 6 വിഭാഗങ്ങളിലായി 12 വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. കർണാടക മോഡൽ വാഗ്ദാനങ്ങളാണു തെലങ്കാനയിലും പ്രഖ്യാപിച്ചത്.
തെലങ്കാന രൂപീകരിക്കുന്നതിൽ താനും സഹപ്രവർത്തകരും പങ്കാളികളാണെന്നും സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സോണിയ പറഞ്ഞു. മുഖ്യമന്ത്രി െക.ചന്ദ്രശേഖർ റാവുവിനും കുടുംബത്തിനും നേട്ടമുണ്ടാക്കാനല്ല തെലങ്കാന സംസ്ഥാനത്തിനു കോൺഗ്രസ് രൂപം നൽകിയതെന്നും കഴിഞ്ഞ 9 വർഷമായി സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു. പ്രവർത്തക സമിതിയംഗങ്ങൾ 119 മണ്ഡലങ്ങളിലേക്കും പുറപ്പെട്ടു. ഇന്നു വീടുകയറിയിറങ്ങി പ്രചാരണം നടത്തും.
പ്രധാന വാഗ്ദാനങ്ങൾ:
∙ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്കു പാചകവാതകം, സൗജന്യ ബസ്‌യാത്ര.
∙ കർഷകർക്ക് പ്രതിവർഷം 15,000 രൂപ, കർഷകത്തൊഴിലാളികൾക്ക് 12,000 രൂപ.
∙ എല്ലാ വീടുകളിലും പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം.
∙ വീടില്ലാത്തവർക്കു ഭൂമിയും 5 ലക്ഷം രൂപയും.
∙ വയോധികർക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, 4000 രൂപ പ്രതിമാസ പെൻഷൻ.
∙ വിദ്യാർഥികൾക്ക് 5 ലക്ഷം രൂപയുടെ സ്കോളർഷിപ്
‘വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് കോൺഗ്രസിനായി അക്ഷീണം പ്രവർത്തിക്കാൻ നേതാക്കൾ തയാറാകണം. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന്റെ നൂറാം വാർഷികമാണ് അടുത്തവർഷം. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനെക്കാൾ വലിയ പ്രണാമം ഗാന്ധിജിക്കു നൽകാനില്ല.’
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ
English Summary: Congress to launch Telangana campaign