വിശ്വകർമജർക്ക് 13,000 കോടിയുടെ പദ്ധതി

PTI09_17_2023_000141A
സ്നേഹക്കൈമാറ്റം: ന്യൂഡൽഹിയിൽ പിഎം വിശ്വകർമ പദ്ധതി പ്രഖ്യാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റ് ലഭിച്ച തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളി പളനിവേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യുന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ സമീപം. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി∙ പരമ്പരാഗത കൈത്തൊഴിലെടുക്കുന്നവർക്കുള്ള ‘പിഎം വിശ്വകർമപദ്ധതി’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോയും പോർട്ടലും അദ്ദേഹം പ്രകാശനം ചെയ്തു.

വിശ്വകർമപദ്ധതിയുടെ ആദ്യഘട്ടത്തിൽ 18 വിഭാഗങ്ങൾക്കാണു സഹായം ലഭിക്കുന്നത്. ഈ വിഭാഗത്തിൽപെട്ട 18 പേർക്കു വിശ്വകർമ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി നൽകി. സാങ്കേതിക കാര്യത്തിൽ വിശ്വകർമജർക്കു പരിശീലനം നൽകും. ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിലും വിപണനത്തിലും കേന്ദ്രസർക്കാർ സഹായിക്കും. കുറഞ്ഞ പലിശയിൽ ഈടില്ലാതെ 3 ലക്ഷം രൂപവരെ വായ്പയും ലഭിക്കുമെന്നും മോദി പറഞ്ഞു.

 കൈത്തൊഴിൽ, കരകൗശല തൊഴിലാളികൾക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, നൈപുണ്യ വികസനം, പണിയായുധങ്ങൾക്കുള്ള ആനൂകൂല്യം എന്നിവയുണ്ടാകും. പിഎം വിശ്വകർമയ്ക്ക് 13,000 കോടി രൂപയാണു കേന്ദ്ര സർക്കാർ നീക്കിവച്ചിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ 6 ലക്ഷം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം നൽകുമെന്നു മന്ത്രിമാർ വ്യക്തമാക്കി. പദ്ധതിയിലേക്ക് ആദ്യം സേവാ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യണം. 

പിന്നീട് തദ്ദേശ തലത്തിലും ജില്ലാ തലത്തിലും പരിശോധന നടത്തി അർഹരെ കണ്ടെത്തും. വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാർ  പ്രതിനിധികൾ വിട്ടുനിന്നു

തിരുവനന്തപുരം ∙ പിഎം വിശ്വകർമ പദ്ധതിയുടെ കേരളത്തിലെ സംസ്ഥാന സർക്കാർ പ്രതിനിധികൾ വിട്ടു നിന്നു. ഇന്നലെ രാവിലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചു തിരുവനന്തപുരത്തും കൊച്ചിയിലുമാണു ചടങ്ങു സംഘടിപ്പിച്ചത്. 

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി എസ്.ജയശങ്കറായിരുന്നു മുഖ്യാതിഥി. മുഖ്യമന്ത്രി, ജില്ലയിൽനിന്നുള്ള മന്ത്രിമാർ, എംപിമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ തുടങ്ങിയവർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും കലക്ടർ ഒഴികെ ആരും പങ്കെടുത്തില്ല. 

മുഖ്യമന്ത്രി, മന്ത്രി ജി.ആർ.അനിൽ, ശശി തരൂർ എംപി, മേയർ എന്നിവർ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചിരുന്നു.

കൊച്ചിയിൽ കയർ ബോർഡ് ചെയർപഴ്സൻ ഡി.കുപ്പുരാമു ആയിരുന്നു മുഖ്യാതിഥി. മന്ത്രി പി.രാജീവ്, എംപിമാർ, എംഎൽഎമാർ, മേയർ തുടങ്ങിയവർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും ഹൈബി ഈഡൻ മാത്രമാണു പങ്കെടുത്തത്.

English Summary: Vishwakarma Jayanti celebration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS