പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കു മടങ്ങിയാല്‍ കേരളത്തിന് 4.7 മടങ്ങ് ബാധ്യത: ആര്‍ബിഐ ലേഖനം

Mail This Article
ന്യൂഡൽഹി∙ കേരളം പങ്കാളിത്ത പെൻഷനിൽ (എൻപിഎസ്) നിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) മാറിയാൽ സംസ്ഥാന സർക്കാരിനു മേലുള്ള സാമ്പത്തികബാധ്യത 4.7 മടങ്ങ് വർധിക്കുമെന്ന് റിസർവ് ബാങ്കിന്റെ ലേഖനം.
ഏറ്റവുമധികം ബാധ്യതയുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
രാജ്യമാകെയുള്ള ബാധ്യതയിൽ ശരാശരി 4.5 മടങ്ങ് വർധനയുണ്ടാകാമെന്നാണ് ആർബിഐ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത്. അസം (4.9), ഹിമാചൽ പ്രദേശ് (4.8) , മധ്യപ്രദേശ് (4.8), മിസോറം (4.6), ഒഡീഷ (4.8), സിക്കിം (4.6) തുടങ്ങിയവയാണ് ദേശീയ ശരാശരിക്കും മുകളിലുള്ളത്. 2023 മുതൽ 2084 വരെയണ്ടാകാവുന്ന സാമ്പത്തികബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പഴയ പെൻഷൻ സ്കീമിലേക്ക് മാറിയിരുന്നു.
പഴയ പെൻഷൻ സ്കീമിലേക്ക് മാറുന്നത് ഹ്രസ്വകാലത്തേക്ക് സംസ്ഥാനങ്ങൾക്ക് ആകർഷകമായി തോന്നാമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ വലിയ ബാധ്യത വരുത്തിവയ്ക്കും.
പഴയ പെൻഷൻ പദ്ധതിയിലേക്കു മാറിയാൽ, എൻപിഎസിനായി ഓരോ വർഷവും സംസ്ഥാന നൽകുന്ന വിഹിതം നൽകേണ്ട. തൽക്കാലത്തേക്ക് ബാധ്യത ഒഴിയുമെന്നു തോന്നുമെങ്കിലും, ജീവനക്കാർ വിരമിക്കുന്ന ഘട്ടത്തിൽ ബാധ്യത വൻതോതിൽ കൂടുമെന്ന് റിസർവ് ബാങ്കിന്റെ ലേഖനത്തിൽ പറയുന്നു. സംസ്ഥാനങ്ങളെല്ലാം ഒപിഎസിലേക്കു മാറിയാൽ 2040 വരെ ഇത്തരത്തിൽ ജിഡിപിയുടെ 0.1% മാത്രമാണ് ലാഭിക്കുന്നത്. എന്നാൽ അതിനു ശേഷം ജിഡിപിയുടെ 0.5% അധികമായി ചെലവഴിക്കേണ്ടി വരും.
2030ന് ശേഷമാകും പ്രത്യാഘാതം പ്രതിഫലിച്ചുതുടങ്ങുക. 2040ൽ എൻപിഎസിനേക്കാൾ വലിയ ബാധ്യത ഒപിഎസ് സമ്മാനിക്കും.
2060ൽ അധികബാധ്യത രാജ്യത്തിന്റെ ജിഡിപിയുടെ 0.9 ശതമാനമാകാമെന്നും ആർബിഐ ലേഖനത്തിൽ പറയുന്നു. 2060 വരെ പഴയ പെൻഷൻ സ്കീമിൽ പെൻഷൻ വാങ്ങുന്നവരുമായി ബന്ധപ്പെട്ട സാമ്പത്തികബാധ്യതയ്ക്കു പുറമേയാണിത്.
മിക്ക രാജ്യങ്ങളും പങ്കാളിത്ത പെൻഷൻ രീതിയിലേക്കു മാറുമ്പോൾ വിവിധ സംസ്ഥാനങ്ങൾ പഴയ സ്കീമിലേക്കു മാറുന്നത് പിന്നോട്ടുള്ള പോക്കാണ്. ഇത്തരം നീക്കം സുസ്ഥിരമല്ലെന്നും ആർബിഐ ലേഖനം ചൂണ്ടിക്കാട്ടി.
പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങുമെന്നു പറഞ്ഞ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് ഒരു ചുവട് മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അടുത്തിയടയ്ക്ക് ചോദിച്ചിരുന്നു.
English Summary: Kerala will have 4.7 times liability if it reverts to the old pension plan; RBI article