കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; വനിതാ ബിൽ നാളെ

HIGHLIGHTS
  • പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യബിൽ
  • ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണത്തിനുള്ള നിയമം
parliament-building
പുതിയ ഇടം... ഇന്നുമുതൽ സമ്മേളനത്തിനു വേദിയാകുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രാത്രിദൃശ്യം. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനം ഇന്നലെ കഴിഞ്ഞു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
SHARE

ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും വനിതാസംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാഭേദഗതി ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നാളെത്തന്നെ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണു സൂചനയെങ്കിലും ഇതെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചരിത്രപരമായ തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാവുമെന്ന് ഇന്നലെ പാർലമെന്റിന്റെ പ്രത്യേകസമ്മേളനം തുടങ്ങുംമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. 

ബിൽ ഉടനെ പാസാക്കിയാലും അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാബല്യത്തിലാക്കാൻ സാധ്യതയില്ലെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. മണ്ഡല പുനഃക്രമീകരണ നടപടികൾക്കുശേഷം സംവരണം നടപ്പാക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് ഇതിനു സൂചിപ്പിക്കപ്പെടുന്ന കാരണം. ഇന്നലെ വൈകുന്നേരമാണു മന്ത്രിസഭ ചേർന്നത്. പാർലമെന്റ് നടക്കുന്നതിനിടെയുള്ള മന്ത്രിസഭായോഗ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിലൂടെയോ പത്രക്കുറിപ്പിലൂടെയോ പുറത്തുവിടില്ലെന്നതാണു കീഴ്‌വഴക്കം.  

ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ബിൽ‍ കൊണ്ടുവരണമെന്നു കഴിഞ്ഞ ദിവസം സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജവാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ‍ ലോക്സഭയിലെത്തിയില്ല. 

വനിതാസംവരണത്തിൽത്തന്നെ പട്ടിക വിഭാഗങ്ങൾക്കായി മൂന്നിലൊന്നു സീറ്റ് നീക്കിവയ്ക്കുന്നതിനു വ്യവസ്ഥയുള്ളതായിരുന്നു 2010ൽ രാജ്യസഭ പാസാക്കിയ ബിൽ. പുതിയബില്ലിൽ‍ ഈ വ്യവസ്ഥയുണ്ടോയെന്നു വ്യക്തമല്ല. ഇത്തരത്തിൽ സംവരണം വേണമെന്നാണു ബിഎസ്പിയും മറ്റും ആവശ്യപ്പെടുന്നത്. ദേവെഗൗഡ സർക്കാരിന്റെ കാലത്ത്, 1996 സെപ്റ്റംബർ 12നാണു വനിതാസംവരണ ബിൽ ആദ്യം ലോക്സഭ പരിഗണിച്ചത്. പിന്നീടു വാജ്പേയി സർക്കാരിന്റെ കാലത്തും ബിൽ കൊണ്ടുവന്നെങ്കിലും അഭിപ്രായ ഐക്യം സാധ്യമായില്ല.

English Summary: Women's Reservation Bill Cleared In Key Cabinet Meeting, Say Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS