ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണി ഏകോപനസമിതിയിലേക്കു പ്രതിനിധിയെ അയയ്ക്കേണ്ടെന്ന സിപിഎം തീരുമാനത്തിൽ പ്രതിപക്ഷകക്ഷികൾക്കിടയിൽ അമർഷം. മുന്നണിയിൽ ഐക്യമില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ ഇതു വഴിവച്ചെന്നാണു വിലയിരുത്തൽ. ബിജെപിയെ വീഴ്ത്താൻ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചു കൈകോർക്കാൻ തീരുമാനിച്ചശേഷം പ്രതിനിധിയുടെ പേരിൽ സിപിഎം കടുംപിടിത്തം കാട്ടിയത് അനുചിതമായെന്നു വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടി.
ഏകോപനസമിതിയുണ്ടാക്കുന്നത് പാർട്ടിക്കു വേരുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയനിലപാടെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണു സിപിഎമ്മിന്റെ വാദം. അതേസമയം, മുന്നണിയുമായി ബന്ധപ്പെട്ട പ്രചാരണം, മീഡിയ, സമൂഹമാധ്യമങ്ങളിലെ പ്രചാരണം എന്നീ സമിതികളിൽ സിപിഎം പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, ഈ വിഷയത്തിലെ അമർഷം പരസ്യമായി പ്രകടിപ്പിച്ച് സ്ഥിതി വഷളാക്കേണ്ടെന്നാണു ഭൂരിപക്ഷാഭിപ്രായം.
മുന്നണിയിൽ ഭിന്നതയില്ലെന്നും ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സിപിഎമ്മിനുണ്ടെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സിപിഎം തീരുമാനം പുനഃപരിശോധിക്കണമെന്നു ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു.
തൃണമൂൽ സഖ്യം വേണ്ടെന്ന് സിപിഎം പിബി
‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി ബംഗാളിൽ തൃണമൂലുമായി തിരഞ്ഞെടുപ്പുസഖ്യമോ ധാരണയോ വേണ്ടെന്നു സിപിഎം പൊളിറ്റ്ബ്യൂറോ (പിബി) യോഗം തീരുമാനിച്ചു. തൃണമൂലുമായി ധാരണയുണ്ടാക്കുന്നതു ബംഗാളിൽ പാർട്ടിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുമെന്നാണു പിബി വിലയിരുത്തൽ.
English Summary : No representative to 'India' Coordinating Committee