ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ഭരണപക്ഷ–പ്രതിപക്ഷ പിന്തുണയോടെ ലോക്സഭ പാസാക്കി. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു. 

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം അംഗങ്ങളാണ് ബില്ലിനെ എതിർത്തതെന്നാണ് സൂചന. എഐഎംഐഎമ്മിന് ഉവൈസിയടക്കം 2 അംഗങ്ങളാണുള്ളത്. ഇതു സവർണ വനിതാ സംവരണ ബില്ലാണെന്നും മുസ്‌ലിം സംവരണവും ഒബിസി സംവരണവും വേണമെന്നും ഉവൈസി ചർച്ചയിൽ പറഞ്ഞിരുന്നു. 128–ാം ഭരണഘടനാ ഭേദഗതിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടെടുപ്പു സമയത്തു സഭയിലെത്തിയിരുന്നു. 

മണ്ഡല പുനർനിർണയവും സെൻസസും കഴിഞ്ഞ ശേഷമേ ബിൽ നടപ്പാക്കൂ എന്ന വ്യവസ്ഥയെ എതിർത്തെങ്കിലും പ്രതിപക്ഷം ബില്ലിനോടു സഹകരിച്ചു. ജാതി സെൻസസ് നടത്തണമെന്നു കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷ നേതാക്കളും ഈ ആവശ്യമുന്നയിച്ചു. 

നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെ ‘നാരീശക്തി വന്ദൻ അധിനിയമം’ എന്നു വിളിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. ഭരണഘടനാ ഭേദഗതി ബില്ലാണിതെന്നു സർക്കാർ വിശദീകരിച്ചു. 

8 മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ബിൽ പാസാക്കിയത്. ഭരണഘടനാ ഭേദഗതിയായതിനാൽ വോട്ടെടുപ്പ് ആവശ്യമായിരുന്നു. പുതിയ മന്ദിരത്തിൽ ഇലക്ട്രോണിക് വോട്ടിങ് സംവിധാനമില്ലാത്തതിനാൽ സ്ലിപ് നൽകിയായിരുന്നു വോട്ടെടുപ്പ്. ഓരോ ഖണ്ഡങ്ങൾ പാസാക്കാനും വോട്ടെടുപ്പ് ആവശ്യമായിരുന്നതിനാൽ രാത്രി വൈകുന്നതു വരെ പ്രക്രിയ നീണ്ടു. ഒബിസി വിഭാഗത്തിനു പത്തിലൊന്നു സംവരണം വേണമെന്ന ഹൈബി ഈഡന്റെ ഭേദഗതിയടക്കം പ്രതിപക്ഷ ഭേദഗതികൾ അവതരിപ്പിച്ചില്ല. 

ഉടനടി നടപ്പാക്കാനാവാത്ത ബിൽ ഇപ്പോൾ കൊണ്ടുവരുന്നതു തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിടിച്ചു നിൽക്കാനാണെന്നു ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. ഒൻപതര വർഷം കഴിഞ്ഞ് ഈ ബിൽ കൊണ്ടുവരുന്നത്, മറ്റു പല വാഗ്ദാനങ്ങളും പോലെ തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. എങ്കിലും നിർണായകമായ ബില്ലായതിനാൽ പിന്തുണയ്ക്കുന്നു. 

സ്ത്രീ ശാക്തീകരണത്തിനു പ്രതിബദ്ധതയുള്ള നരേന്ദ്ര മോദി സർക്കാർ ഈ നിയമനിർമാണത്തിലൂടെ അതിന്റെ കടമ നിർവഹിക്കുകയാണെന്നും മുൻപു നാലു വട്ടം ശ്രമിച്ചിട്ടും നടപ്പാക്കാനാകാതെ പോയത് ഇപ്പോൾ നടപ്പാക്കുകയാണെന്നും ഭരണപക്ഷത്തുനിന്നു പ്രസംഗിച്ചവർ പറഞ്ഞു. 

2024 തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സെൻസസ്, മണ്ഡല പുനർനിർണയം 

ന്യൂഡൽഹി ∙ അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സെൻസസും ലോക്സഭ, നിയമസഭ മണ്ഡല പുനർനിർണയവും നടക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മണ്ഡല പുനർനിർണയം അതിനുള്ള കമ്മിഷനാണ് ചെയ്യേണ്ടത്. കേന്ദ്രസർക്കാരിന് അതു കഴിയില്ല. അതുചെയ്തു വയനാട് സംവരണ മണ്ഡലമായാൽ നിങ്ങളെന്തു ചെയ്യുമെന്നു പ്രതിപക്ഷത്തോട് അമിത് ഷാ ചോദിച്ചു. എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അതു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Lok Sabha passed Women's Reservation Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT