മധ്യപ്രദേശിൽ പൊതു സ്ഥാനാർഥിക്ക് ‘ഇന്ത്യ’ മുന്നണി നീക്കം
Mail This Article
ന്യൂഡൽഹി ∙ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ പൊതു സ്ഥാനാർഥികളെ നിർത്താൻ നീക്കം. ഇതുസംബന്ധിച്ച് സമാജ്‌വാദി പാർട്ടി (എസ്പി), ഇടതുകക്ഷികൾ എന്നിവയുമായി കോൺഗ്രസ് ചർച്ചയാരംഭിച്ചു.
230 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസും ബിജെപിയും നേർക്കു നേരാണു പോരാട്ടം. ഇതിനിടയിലേക്ക് സ്വന്തം സ്ഥാനാർഥികളെ എസ്പിയും ഇടതുകക്ഷികളും നിർത്തുന്നത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ വഴിയൊരുക്കും. ഇതു തടയാനും ഒറ്റക്കെട്ടായി ബിജെപിയെ നേരിടാനുമാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. യുപിയിലെ ഘോസിയിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച എസ്പി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിനു ബിജെപിയെ തോൽപിച്ചിരുന്നു.
അതേസമയം, മധ്യപ്രദേശിൽ സ്വന്തം നിലയിൽ എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി. ഇന്ത്യ മുന്നണിയുടെ പൊതു സ്ഥാനാർഥികൾ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ആവശ്യമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണ വേണ്ടെന്നുമാണ് ആം ആദ്മിയുടെ നിലപാട്.
English Summary : 'India' party move for general candidate in Madhya Pradesh