ഭരണഘടനയിൽ ‘സോഷ്യലിസ്റ്റ്, സെക്കുലർ’ വാക്കുകളില്ല: 2 പതിപ്പ് നൽകിയെന്ന് ബിജെപി

Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ദിനം കേന്ദ്ര സർക്കാർ എംപിമാർക്കു സമ്മാനമായി നൽകിയ ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്, സെക്കുലർ’ എന്നീ വാക്കുകളില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും വാക്കുകൾ ബുദ്ധിപൂർവം ഒഴിവാക്കിയ ബിജെപിയുടെ ലക്ഷ്യങ്ങൾ ദുരൂഹമാണെന്നും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ആമുഖത്തിൽ ഈ 2 വാക്കുകളില്ലെന്നു സോണിയ ഗാന്ധിയും ചൂണ്ടിക്കാട്ടി. എന്നാൽ, ആമുഖത്തിൽ ഈ വാക്കുകളില്ലാത്ത ഭരണഘടനയുടെ ആദ്യ പതിപ്പാണ് എംപിമാർക്കു നൽകിയതെന്നും ഭരണഘടനാ ഭേദഗതിയിലൂടെ വാക്കുകൾ പിന്നീടാണു ചേർത്തതെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

ഭരണഘടനാ ഭേദഗതിയിലൂടെ ‘സോഷ്യലിസ്റ്റ്, സെക്കുലർ’ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർത്തത് 1976 ലാണ്. ആദ്യത്തേതും 1976 ൽ ഭേദഗതി വരുത്തിയ ശേഷമുള്ളതുമായ രണ്ടു പതിപ്പുകളും എംപിമാർക്കു നൽകിയിരുന്നുവെന്നും കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ബിജെപി ആരോപിച്ചു.

English Summary:'Secular' and 'socialist' removed from Preamble: Congress Adhir Ranjan Chowdhury