ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിൽ ചർച്ചയ്ക്കിടെ ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപിയുടെ സൗത്ത് ഡൽഹി എംപി രമേഷ് ബിദൂഡിയെ ലോക്സഭാ സ്പീക്കർ ഓം ബിർല താക്കീതു ചെയ്തു. ഇനി ഇതാവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ബിദൂഡിക്കു ബിജെപി കാരണം കാണിക്കൽ നോട്ടിസ് നൽകി.

മുസ്‌ലിംകൾക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ നടത്തിയ ബിദൂഡിക്കെതിരെ അറസ്റ്റും സസ്പെൻഷനും അടക്കമുള്ള നടപടികൾ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ടു സ്പീക്കർക്കു ഡാനിഷ് അലി കത്തു നൽകി. ഡിഎംകെയും തൃണമൂൽ കോൺഗ്രസും അവകാശലംഘന നോട്ടിസും നൽകി. തന്നെ ‘ഭീകരവാദി’യെന്നു വിളിച്ച ബിദൂഡി അസഭ്യപരാമർശങ്ങൾ നടത്തിയതായി ഡാനിഷ് അലി പറഞ്ഞു. വ്യാഴാഴ്ച രാത്രി ചന്ദ്രയാൻ 3 ചർച്ചയ്ക്കിടെയായിരുന്നു ബിദൂഡിയുടെ മുസ്‌ലിംവിരുദ്ധ പരാമർശങ്ങൾ. ആ സമയം ചെയറിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് അപകീർത്തികരമായ പരാമർശങ്ങൾ സഭാരേഖകളിൽനിന്നു നീക്കുമെന്നു പറഞ്ഞിരുന്നു. പിന്നീടിതു നീക്കി.

ചന്ദ്രയാൻ വിജയം മോദിയുടേതാണെന്നു ബിദൂഡി പറഞ്ഞതു ഡാനിഷ് അലി എതിർത്തപ്പോഴാണ് അധിക്ഷേപമുണ്ടായത്. മുൻ കേന്ദ്രമന്ത്രിമായ ഡോ. ഹർഷ് വർധനും രവിശങ്കർ പ്രസാദും അടക്കം ബിജെപിയുടെ മുതിർന്ന അംഗങ്ങൾ ഇതുകേട്ടു ചിരിക്കുന്നുണ്ടായിരുന്നു.

ബിദൂഡിയുടെ പെരുമാറ്റത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മാപ്പു ചോദിച്ചു. ബിദൂഡിയെ സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് ആവശ്യപ്പെട്ടു. അറസ്റ്റ് വേണമെന്നു സിപിഎമ്മും ആവശ്യപ്പെട്ടു. മുസ്‌ലിംകളെയും ഒബിസി വിഭാഗത്തെയും അധിക്ഷേപിക്കുന്നത് ബിജെപിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. ബിജെപിയുടെ നാണമില്ലാത്ത നടപടിക്കെതിരെ സ്പീക്കർ എന്തു നടപടിയെടുക്കുമെന്നു ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി ചോദിച്ചു. ആർഎസ്എസ് പഠിപ്പിച്ച മൂല്യങ്ങളുടെ ഫലമാണോ ബിദൂഡിയുടെ ഭാഷയെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ് ചോദിച്ചു. കടുത്ത നടപടി വേണമെന്ന് ആർഎസ്പി അംഗം എൻ.കെ.പ്രേമചന്ദ്രനും ആവശ്യപ്പെട്ടു.

നടപടിയെടുക്കേണ്ടത് സ്പീക്കർ

വിവാദ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അത് രേഖയിൽനിന്നു നീക്കാൻ മാത്രമേ അധ്യക്ഷപദവിയിലുള്ളവർക്കു കഴിയൂ. അതുപ്രകാരം സാധിക്കുന്ന പരമാവധി നടപടിയെടുത്തിട്ടുണ്ട്. തുടർന്നുള്ള അച്ചടക്കനടപടികൾ സ്വീകരിക്കേണ്ടത് സ്പീക്കറാണ്. –കൊടിക്കുന്നിൽ സുരേഷ് 

പ്രതിപക്ഷത്തിനെതിരെ മാത്രമോ സസ്പെൻഷൻ ?

ന്യൂഡൽഹി ∙ പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരെ സസ്പെൻഷൻ നടപടികൾ ഇക്കഴിഞ്ഞ വർഷകാല സമ്മേളനത്തിലുണ്ടായിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പരാമർശം നടത്തിയ ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെയും രാജ്യസഭയിലെ ആം ആദ്മി അംഗം സഞ്ജയ് സിങ്ങിനെയും സസ്പെൻഡ് ചെയ്തിരുന്നു. 

മണിപ്പുർ വിഷയത്തിൽത്തന്നെ ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദയെയും സസ്പെൻഡ് ചെയ്തു. 

ഇതു ചൂണ്ടിക്കാണിച്ചാണ് ബിദൂഡിക്കെതിരെ നടപടിയെടുക്കാത്തത് എന്തെന്ന് പ്രതിപക്ഷം ചോദിക്കുന്നത്. വെറും താക്കീതിലോ വാക്കുകൾ നീക്കം ചെയ്യുന്നതിലോ തീരുന്ന വിഷയമല്ല ഇതെന്നും അവർ പറയുന്നു.

ഡാനിഷ് അലിയെ സന്ദർശിച്ച് രാഹുൽ

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഡാനിഷ് അലിയെ സന്ദർശിച്ച് ചർച്ച നടത്തി. ഡൽഹിയിലെ ഡാനിഷിന്റെ വസതിയിലായിരുന്നു ചർച്ച. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. 

ജെഡിഎസ് നേതാവായിരുന്ന ഡാനിഷ് ബിഎസ്പി സ്ഥാനാർഥിയായാണ് യുപിയിലെ അംറോഹയിൽ നിന്നു മത്സരിച്ചത്. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ഇന്ത്യ മുന്നണി പ്രതിഷേധങ്ങളിൽ ബിഎസ്പി വിട്ടുനിന്നെങ്കിലും പലപ്പോഴും ഡാനിഷ് അലി പങ്കെടുത്തിരുന്നു.

വിശദീകരണം നൽകാൻ 15 ദിവസം

ലോക്സഭയിൽ മാന്യതയ്ക്കു നിരക്കാത്ത പദപ്രയോഗങ്ങൾ നടത്തിയതിന് വിശദീകരണം നൽകാൻ 15 ദിവസം സമയമാണ് ബിജെപി രമേഷ് ബിദൂഡിക്ക് അനുവദിച്ചിരിക്കുന്നത്. ബിദൂഡിയുടെ വിദ്വേഷ പ്രസംഗ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. നേരത്തേ കോൺഗ്രസിലായിരുന്ന ബിദൂഡി ഡൽഹി നിയമസഭയിൽ 3 വട്ടം എംഎൽഎ ആയിരുന്നു. 2014 ലാണ് ആദ്യം ലോക്സഭയിലെത്തിയത്.

English Summary: BJP MP's Hate Speech in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT