ഗുർപട്‍വന്ത് സിങ് പന്നു,ഖലിസ്ഥാന്റെ ‘സൈബർ ക്രിമിനൽ’

Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾക്കെതിരെ ഭീഷണി വിഡിയോകൾ പുറത്തിറക്കി കുപ്രസിദ്ധനായ ആളാണ് ഖലിസ്ഥാൻ ഭീകരവാദത്തിന്റെ സൈബർ മുഖം കൂടിയായ ഗുർപട്‍വന്ത് സിങ് പന്നു. ഇരുപതിലേറെ ക്രിമിനൽ കേസുകൾ എൺപതുകാരനായ പുന്നുവിനെതിരെയുണ്ട്.
ഇയാൾ ജൂലൈയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ട് ഏതാനും ദിവസങ്ങൾക്കകം പുന്നുവിന്റെ പുതിയ വിഡിയോ പ്രത്യക്ഷപ്പെട്ടു.ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തിനു മുൻപിൽനിന്നു ചിത്രീകരിച്ച വിഡിയോയിൽ യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു ഭീഷണി.
ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് അന്നു പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുടെ ഉത്തരവാദിത്തവും പന്നു ഏറ്റെടുത്തിരുന്നു.ഇന്ത്യൻ സ്ഥാനപതി ഓഫിസുകളിലേക്ക് ‘കിൽ ഇന്ത്യ’ മാർച്ച് നടത്തുമെന്നും അന്ന് ഭീഷണിയുണ്ടായിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ്.ജയശങ്കർ എന്നിവരുടെ വിദേശയാത്രകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുഘട്ടത്തിൽ 1.25 ലക്ഷം ഡോളർ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്കു മടങ്ങണമെന്ന് പന്നുവിന്റെ വിഡിയോ കാനഡ സർക്കാരിനു കഴിഞ്ഞ ദിവസം തള്ളേണ്ടി വന്നു.
29ന് കാനഡയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ഹിതപരിശോധന നടത്തുമെന്നും പന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയാണോ ഉത്തരവാദി എന്നതാണ് ഹിതപരിശോധനയിലെ വിഷയം.
നാളെ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെയും ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളുടെയും പ്രവർത്തനം തടസ്സപ്പെടുത്താൻ പദ്ധതിയുമിട്ടിട്ടുണ്ടെന്ന് പന്നു വിഡിയോയിൽ പറഞ്ഞിരുന്നു.പന്നുവിനെതിരെ ‘റെഡ് കോർണർ’ നോട്ടിസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കഴിഞ്ഞവർഷം ഇന്റർപോൾ തള്ളിയിരുന്നു. അഭിഭാഷകൻ കൂടിയായ പന്നു ന്യൂയോർക്കിൽ ‘പന്നു ലോം ഫേം’ എന്ന നിയമസ്ഥാപനം നടത്തുന്നുണ്ട്.
ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം: യുഎസ്
വാഷിങ്ടൻ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ആരോപണത്തിൽ യുഎസിന് കടുത്ത ആശങ്കയുണ്ടെന്ന നിലപാട് അദ്ദേഹവും ആവർത്തിച്ചു. രാജ്യാതിർത്തികൾ ലംഘിച്ചുള്ള അതിക്രമം വളരെ ഗുരുതരമായാണ് യുഎസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, കാനഡയിലെ നയന്ത്രകാര്യാലയങ്ങൾ വഴി പാസ്പോർട്ട് പുതുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കം ഇന്ത്യക്കാർക്കുള്ള എല്ലാ സേവനങ്ങളും തുടരുമെന്ന് ഹൈക്കമ്മിഷൻ അറിയിച്ചു.ട്രൂഡോ പരസ്യമായി രംഗത്തുവരുന്നതിനു മുൻപ് തന്നെ രഹസ്യാന്വേഷണ സഖ്യത്തിലെ (5 കണ്ണുകൾ) പങ്കാളികളിൽനിന്ന് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാനഡയ്ക്കു ലഭിച്ചിരുന്നുവെന്ന് കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോഹൻ പറഞ്ഞു. കാനഡയ്ക്കു പുറമേ യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് ഈ സഖ്യത്തിലുള്ളത്.
English Summary: India-Canada Tension:Khalistani Terrorist Gurpatwant Singh Pannu