4 വർഷത്തിന് ശേഷം മിർവായിസ് ഉമർ ഫാറൂഖിന് മോചനം

Mail This Article
ശ്രീനഗർ ∙ 4 വർഷമായി വീട്ടുതടങ്കലിലായിരുന്ന ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെ മോചിപ്പിച്ചു. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണു വീട്ടുതടവിലാക്കിയത്. ഇന്നലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണു വിവരമറിയിച്ചത്. തുടർന്നു നഗരത്തിലെ അൻജുമാൻ ഔഖാഫ് ജാമിയ മസ്‌ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിന് അദ്ദേഹം നേതൃത്വം നൽകി.
സഞ്ചാരസ്വാതന്ത്ര്യവും ജുമുഅയിൽ പങ്കെടുക്കാനുള്ള അനുമതിയും തേടിയുള്ള മിർവായിസിന്റെ ഹർജിയിൽ പ്രതികരണമറിയിക്കാൻ ജമ്മു കശ്മീർ ഹൈക്കോടതി ഈ മാസം 15നു അധികൃതർക്കു രണ്ടാഴ്ച സമയം നൽകിയിരുന്നു. മിർവായിസിനുമേൽ നിയന്ത്രണമൊന്നുമില്ലെന്നാണ് അധികൃതർ നിലപാടെടുത്തിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും കനത്ത പൊലീസ് കാവലാണു ഏർപ്പെടുത്തിയിരുന്നത്. വിഘടനവാദ നിലപാടുള്ള 26 കശ്മീരി സംഘടനകളുടെ കൂട്ടായ്മയാണ് ഹുറിയത് കോൺഫറൻസ്.
English Summary: Mirwaiz Umar Farooq released from house arrest after 4 years