ADVERTISEMENT

ന്യൂഡൽഹി ∙ ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസ് അയച്ചു. സംവരണപ്പട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക, സാമ്പത്തിക സർവേ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.

സംവരണപട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ 2020 സെപ്റ്റംബറിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കേരള ഹൈക്കോടതി 6 മാസം സമയം നൽകിയിരുന്നു. കേന്ദ്ര സർക്കാർ നൽകിയ അപ്പീലും പുനഃപരിശോധനാ ഹർജിയും സുപ്രീം കോടതി തള്ളിയെങ്കിലും സർവേ നടത്താനുള്ള സമയപരിധി ഒരു വർഷമായി നീട്ടിനൽകി. 

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റിനു വേണ്ടി ചെയർമാൻ വി.കെ.ബീരാനാണു ഹർജി നൽകിയത്. ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതല്ലേയെന്നു കോടതി ചോദിച്ചു. എന്നാൽ, നിശ്ചിത ഇടവേളകളിൽ സംവരണ പട്ടിക വിലയിരുത്തി പുതുക്കണമെന്ന് ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതി നിർദേശിച്ച് 30 വർഷം പിന്നിട്ടിട്ടും ഇതു നടപ്പാക്കാതിരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടെന്നു ഹർജിക്കാർക്കുവേണ്ടി ഹാരിസ് ബീരാൻ വാദിച്ചു.

പിന്നാക്ക വിഭാഗ കമ്മിഷൻ നിയമത്തിലെ 11(1) വകുപ്പുപ്രകാരം, 10 വർഷം കൂടുമ്പോൾ പട്ടിക പുതുക്കുകയും പിന്നാക്കക്കാർ അല്ലാതായവരെ ഒഴിവാക്കുകയും പുതിയവരെ ഉൾപ്പെടുത്തുകയും ചെയ്യണം. മുസ്‍ലിംകൾ, പട്ടികജാതി, പട്ടിക വർഗം, മറ്റ് 70 പിന്നാക്ക സമുദായങ്ങൾ എന്നിവർക്കു കേരളത്തിലെ സർക്കാർ ജോലികളിൽ മതിയായ പ്രാതിനിധ്യമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാന ജനസംഖ്യയിൽ 26.9% മുസ്‍ലിംകളുണ്ടെങ്കിലും 11.4% ആണു സർക്കാർ സർവീസിലെ പ്രാതിനിധ്യമെന്നും ഹർജിയിൽ പറയുന്നു.

സെൻസസ് നടത്തേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

സംവരണ പട്ടികയ്ക്കായുള്ള ജാതി സെൻസസ് നടത്തേണ്ടതു കേരള സർക്കാരിന്റെ മാത്രം ബാധ്യതയാണെന്ന നിലപാടാണു കേന്ദ്രത്തിന്. 2011 ലെ സെൻസസിൽ ഒട്ടേറെ തെറ്റുകളുണ്ടെന്നും ഇത് ഉപയോഗിക്കാനാവില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 2021 ലെ 105–ാം ഭരണഘടനാ ഭേദഗതിയോടെ, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായവരുടെ പട്ടികയുണ്ടാക്കാനും സെൻസസ് നടത്താനും സംസ്ഥാന സർക്കാരിനു സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന നിലപാടാണ് ഇനി നിർണായകമാവുക.

English Summary: OBC reservation case from Kerala: SC issues notice to Central and State governments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT