മണിപ്പുരിൽ ഇന്റർനെറ്റ് വിലക്ക് പിൻവലിച്ചു; വിലക്ക് നീക്കിയത് 5 മാസത്തിനു ശേഷം
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ 5 മാസത്തിനുശേഷം ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. മേയ് 3ന് ആരംഭിച്ച വംശീയകലാപത്തെത്തുടർന്നാണു സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചത്. ബ്രോഡ്ബാൻഡ് വിലക്ക് 2 മാസം മുൻപ് ഭാഗികമായി നീക്കിയിരുന്നു.
നിരോധനം പിൻവലിച്ചതിനു തൊട്ടുപിന്നാലെ കലാപകാലത്തെ കൂടുതൽ വിഡിയോകൾ പുറത്തുവന്നു. ഇംഫാലിലെ കുക്കി ബാപ്റ്റിസ്റ്റ് ചർച്ചിനു തീയിടുന്നതും മെയ്തെയ് പൊലീസുകാരൻ കുക്കി വംശജനെ വെടിവയ്ക്കുന്നതുമായുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ഇന്ത്യ - മ്യാൻമർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാര മേഖല റദ്ദാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. അതിർത്തിമേഖലകളിലെ താമസക്കാർക്ക് ഇരുരാജ്യങ്ങളിലൂം 16 കിലോമീറ്റർ വരെ വീസ ഇല്ലാതെ യാത്ര ചെയ്യാനാകുമായിരുന്നു.
അതേസമയം, കോടതി ജാമ്യം നൽകിയ 5 മെയ്തെയ് സായുധസംഘാംഗങ്ങളിലൊരാളായ മെയ്പാങ്തെം ആനന്ദ് സിങ്ങിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും അറസ്റ്റ് ചെയ്തു. മ്യാൻമർ താവളമാക്കിയ മെയ്തെയ് ഭീകരസംഘടനകളുമായി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഇതെത്തുടർന്ന് ഇംഫാലിൽ വീണ്ടും ജനക്കൂട്ടം തെരുവിലിറങ്ങി.
English Summary: Internet services in Manipur to resume