ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്‍ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ചെന്ന കേസിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. പരാതി ശരിയെങ്കിൽ അധ്യാപകൻ വിദ്യാർഥിക്കു നൽകിയ ഏറ്റവും മോശം ശിക്ഷയാണിതെന്നും നാടിന്റെ മനസ്സാക്ഷിയെ അതു ഞെട്ടിക്കുന്നുവെന്നും അഭയ് എസ്.ഓക്ക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. കേസെടുക്കാൻ വൈകിയതും വർഗീയ ആരോപണങ്ങൾ അവഗണിച്ചതും ഉൾപ്പെടെ പൊലീസിനുണ്ടായ വീഴ്ചകൾ കോടതി എണ്ണിപ്പറഞ്ഞു. 

സംഭവത്തിൽ യുപി സർക്കാരിന്റെ അലംഭാവം ചൂണ്ടിക്കാട്ടി ഗാന്ധിജിയുടെ പ്രപൗത്രനും സാമൂഹികപ്രവർത്തകനുമായ തുഷാർ ഗാന്ധിയാണു സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കക്ഷിയല്ലാത്ത തുഷാർ ഗാന്ധി ഹർജി നൽകിയതിനെ യുപി സർക്കാർ ചോദ്യം ചെയ്തതും കോടതിയെ പ്രകോപിപ്പിച്ചു. ഇങ്ങനൊരു കേസിൽ ഹർജിക്കാരന്റെ താൽപര്യമെന്തെന്ന ആശങ്ക സർക്കാരിനു വേണ്ടെന്നും സ്വമേധയാ വേണമെങ്കിലും ഇതു തങ്ങൾക്കു പരിഗണിക്കാമെന്നും കോടതി പ്രതികരിച്ചു. 

മതത്തിന്റെ പേരിലുള്ള വിവേചനം, മാനസികവും ശാരീരികവുമായി വിദ്യാർഥികളെ ഉപദ്രവിക്കൽ എന്നിവ വിലക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്നതിൽ പ്രഥമദൃഷ്ട്യാ സർക്കാ‍ർ പരാജയപ്പെട്ടെന്നു കോടതി വിലയിരുത്തി. മതവിദ്വേഷവുമായി ബന്ധപ്പെട്ട വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടില്ലെന്നും തുഷാർ ഗാന്ധിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജി ഒക്ടോബർ 30നു വീണ്ടും പരിഗണിക്കും. 

സംഭവം ഊതിപ്പെരുപ്പിക്കാൻ ശ്രമിച്ചതാണെന്നും തങ്ങൾ ആരെയും സംരക്ഷിക്കാൻ ശ്രമിക്കുന്നില്ലെന്നും യുപി സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് പറഞ്ഞു. യഥാർഥത്തിൽ സംഭവിച്ചതിലും അധികം വർഗീയത നൽകാൻ ശ്രമമുണ്ടായെന്നും പറഞ്ഞു. എന്നാൽ, സംഭവത്തിന്റെ വിഡിയോ ചൂണ്ടിക്കാട്ടി കോടതി സർക്കാരിന്റെ വാദം തള്ളി. സംഭവത്തെ ലളിതമായി കാണരുതെന്നു മുന്നറിയിപ്പും നൽകി. 

സുപ്രീം കോടതി നിർദേശങ്ങൾ:

∙ അന്വേഷണം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം. ഉദ്യോഗസ്ഥന്റെ പേര് ഒരാഴ്ചയ്ക്കകം കോടതിയെ അറിയിക്കണം. 

∙ ആരോപണവിധേയായ അധ്യാപികയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന് ഈ ഉദ്യോഗസ്ഥൻ പരിശോധിക്കണം. 

∙ ക്രൂരതയ്ക്കിരയായ വിദ്യാർഥിക്കു പ്രത്യേക കൗൺസലിങ് നൽകണം. 

∙ കുട്ടിയെ അതേ സ്കൂളിൽ നിലനിർത്തുന്നത് ഉചിതമല്ല. കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. 

കേസിനാസ്പദമായ സംഭവം

മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു സംഭവം. ഗുണനപ്പട്ടിക പഠിക്കുന്നതിൽ പിന്നിലായ 7 വയസ്സുകാരനെ സ്കൂൾ പ്രിൻസിപ്പൽ കൂടിയായ അധ്യാപിക ത്രിപ്ത ത്യാഗി സഹപാഠികളെ കൊണ്ടു തല്ലിച്ചെന്നാണു കേസ്. ഓരോ വിദ്യാർഥികളെയും കൊണ്ടു തല്ലിച്ച ശേഷം കുട്ടിക്കെതിരെ അവർ വർഗീയ പരാമർശം നടത്തി. ഈ വിഡിയോ പുറത്തുവന്നതോടെ ഇവർക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

English Summary: Supreme Court scolds Uttar Pradesh government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com