ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാൻ അണ്ണാ ഡിഎംകെ
Mail This Article
ചെന്നൈ ∙ ബിജെപി സഖ്യം അവസാനിപ്പിച്ചതോടെ, ന്യൂനപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ അണ്ണാ ഡിഎംകെ ഊർജിതമാക്കി. എൻഡിഎ ബന്ധം പൂർണമായി ഉപേക്ഷിച്ചതായും ഇനിയൊരിക്കലും സഖ്യം ഉണ്ടാകില്ലെന്നും മുസ്‌ലിം വിഭാഗത്തെ നേരിട്ടു ബോധ്യപ്പെടുത്താൻ ജില്ലാ ഭാരവാഹികൾക്കു പാർട്ടി നിർദേശം നൽകി. തങ്ങൾക്കു നഷ്ടമായ ന്യൂനപക്ഷ പിന്തുണ ഡിഎംകെയ്ക്കു ഗുണം ചെയ്തെന്നു പാർട്ടി വിലയിരുത്തുന്നു. ഡിഎംകെ സഖ്യത്തിൽ സീറ്റ് വിഭജനത്തിലും മറ്റും തർക്കമുണ്ടായാൽ കൂടുതൽ ചെറു കക്ഷികൾ അണ്ണാഡിഎംകെയ്ക്കൊപ്പം കൂടുമെന്ന പ്രതീക്ഷയുമുണ്ട്.
സഖ്യം വിടാനുള്ള തീരുമാനത്തോടു ബിജെപി എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയുമാണ് അണ്ണാ ഡിഎംകെ. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉൾപ്പെടെ 6 പ്രമുഖ നേതാക്കൾക്കെതിരെയുള്ള കേസുകളിൽ നടപടി വേഗത്തിലാകുമോ എന്ന ഭീതിയുണ്ട്. ഇഡി, ആദായനികുതി വകുപ്പ് റെയ്ഡുകൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകിക്കഴിഞ്ഞു. തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിലുളള ചെറുപാർട്ടികൾ ബിജെപിക്കൊപ്പം തുടരാനാണു സാധ്യത. ഇതിനിടെ, അണ്ണാഡിഎംകെയിൽ നിന്നു പുറത്തായ ഒ.പനീർസെൽവം വിഭാഗം എൻഡിഎയെ പിന്തുണച്ചു രംഗത്തെത്തി.
വെല്ലുവിളി നിറഞ്ഞ കാലമാണു മുന്നിലുള്ളതെന്നും ഒട്ടേറെപ്പേരെ എതിർക്കാൻ പാർട്ടി തയാറാകണമെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ.അണ്ണാമലൈ പ്രതികരിച്ചു.ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ, പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം നഷ്ടപ്പെടുമെന്നു പറഞ്ഞ അദ്ദേഹം വെല്ലുവിളികളെ അഭിമുഖീകരിച്ച് തടസ്സങ്ങൾ തരണം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
English Summary : Anna DMK to recapture minority votes