ADVERTISEMENT

ന്യൂഡൽഹി ∙ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ വിട്ടുപോക്ക് താൽക്കാലികം മാത്രമാകുമെന്നു ബിജെപി കരുതുന്നു. പ്രതിപക്ഷ ഇന്ത്യ മുന്നണി യാഥാർഥ്യമായപ്പോഴാണ് എൻഡിഎയെ ഉണർത്താൻ ബിജെപി ശ്രമം തുടങ്ങിയത്. ബെംഗളൂരുവിൽ ഇന്ത്യ മുന്നണി യോഗം ചേർന്നപ്പോൾ ന്യൂഡൽഹിയിൽ 38 കക്ഷികളെ വിളിച്ചു കൂട്ടി ബിജെപി എൻഡിഎ സജീവമാക്കി. 

അണ്ണാ ഡിഎംകെ മുന്നണി വിട്ടതോടെ ആ ശ്രമങ്ങൾക്ക് ഇളക്കം തട്ടിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിൽ ജനതാദളുമായി (എസ്) കൈ കോർത്ത് പ്രതീക്ഷകൾ നിലനിർത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് വലിയ സഖ്യകക്ഷികളിലൊന്നു പോയത്. ഇനി മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗവും അജിത് പവാറിന്റെ എൻസിപി ഘടകവുമാണു ബിജെപിക്കു പുറമേ സ്വന്തം നിലയ്ക്ക് സീറ്റു നേടാൻ കെൽപുള്ള കക്ഷികളായി അവശേഷിക്കുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുമായുള്ള തർക്കമാണ് അണ്ണാ ഡിഎംകെയുടെ മാറ്റത്തിനു കാരണം. തമിഴ്നാട്ടിൽ ബിജെപിയുമായി ചേർന്നാൽ കാലിനടിയിലെ മണ്ണു ചോർന്നു പോകുമെന്ന തിരിച്ചറിവാണു മുഖ്യം. 

സാമൂഹിക നീതിയും ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള എതിർപ്പിലും ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറയാണ്. അതിൽ വെള്ളം ചേർക്കുന്നുവെന്ന ആരോപണത്തിനു ബിജെപിയുമായുള്ള ചങ്ങാത്തം ആക്കം കൂട്ടുമെന്ന് അണ്ണാ ഡിഎംകെ തിരിച്ചറിയുന്നു. ബിജെപിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യില്ലെന്നു നേരത്തേ തന്നെ അവരും എതിരാളികളായ ഡിഎംകെയും (2001) മനസ്സിലാക്കിയതാണ്. ഒബിസി നേതാവായ അണ്ണാമലൈ തങ്ങളുടെ വോട്ടു ചോർത്തുമെന്ന ഭയവും അണ്ണാ ഡിഎംകെയ്ക്കുണ്ട്. കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള സഖ്യം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബിജെപി മറിക്കുന്നത് തങ്ങളുടെ വോട്ടുകളായിരിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. 

ഹിന്ദിവിരോധമടക്കമുള്ള ദ്രാവിഡ നിലപാടുകൾക്കെതിരെ ബിജെപി ഇറങ്ങുന്നത് ദോഷം ചെയ്യുമെന്നും അണ്ണാ ഡിഎംകെ കരുതുന്നു. സനാതന ധർമ വിവാദം ബിജെപി കൊഴുപ്പിക്കുമ്പോഴും തമിഴ്നാട്ടിലെ വോട്ടർമാർക്കിടയിൽ ഉദയനിധി സ്റ്റാലിന്റെ നിലപാടിനാണു സ്വീകാര്യതയെന്നും അവർക്കറിയാം. ഇപ്പോഴത്തെ വേർപിരിയൽ അണ്ണാ ഡിഎംകെയുടെ നിലനിൽപ്പിന്റെ വിഷയമായിരിക്കുമെന്നും എൻഡിഎയ്ക്ക് ഇത്തരം വിഷയങ്ങളിൽ തുറന്ന നിലപാടാണെന്നും ബിജെപി നേതാക്കളിലൊരാൾ പറഞ്ഞു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ അവർ വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യത ബിജെപി ദേശീയ നേതൃത്വം തള്ളുന്നില്ല. 

English Summary : BJP believes that AIADMK departure in Tamil Nadu will be temporary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT