ADVERTISEMENT

വർഷാവസാനം നടക്കാനിരിക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആവേശപ്പോരിലേക്കു രാജ്യം നീങ്ങുകയാണ്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം: 

ഭരണം നിലനിർത്താൻ കടുത്ത പോരാട്ടത്തിലാണു കോൺഗ്രസ്. വിജയപ്രതീക്ഷ എത്രത്തോളമുണ്ട്? 

താങ്കൾക്കു തെറ്റി; വരുന്ന തിരഞ്ഞെടുപ്പിൽ പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലല്ല. ബിജെപിയും ജനങ്ങളും തമ്മിലാണ്. ഛത്തീസ്ഗഡിനെ ഗൗതം അദാനിക്കു വിൽക്കാൻ ഗൂഢതന്ത്രം മെനയുകയാണു ബിജെപി. മറുവശത്ത്, പുതിയ ഛത്തീസ്ഗഡ് കെട്ടിപ്പടുക്കാനുള്ള പാതയിൽ മുന്നേറുകയാണു കോൺഗ്രസ്. പാർട്ടിയിലെ ഓരോ പ്രവർത്തകനും പൂർണ ആത്മവിശ്വാസത്തിലാണ്. ബിജെപിയുടെ ദുർഭരണത്തിനെതിരെ 2018 ൽ വൻ ഭൂരിപക്ഷമാണു ജനം കോൺഗ്രസിനു നൽകിയത്. ‘വിശ്വാസം കാത്തു, വീണ്ടും കോൺഗ്രസ് സർക്കാർ’ എന്ന മുദ്രാവാക്യം ഇക്കുറി ജനം ഉയർത്തുന്നു. സീറ്റ് പ്രവചിക്കുന്നതു ജനങ്ങളുടെ വിശ്വാസത്തെ അളക്കുന്നതിനു തുല്യമാകും. ഒരുകാര്യം മാത്രം പറയാം, കഴിഞ്ഞ തവണത്തെക്കാൾ വലിയ വിജയം ഞങ്ങൾ നേടും. 

ഭരണവിരുദ്ധ വികാരം തിരിച്ചടിയാവുമോ? 

ഒന്നര പതിറ്റാണ്ടു നീണ്ട ബിജെപി ഭരണം അഴിമതി, ദാരിദ്ര്യം, കരാറുകൾക്കു കമ്മിഷൻ തുടങ്ങിയ ‘രോഗങ്ങൾ’ ഛത്തീസ്ഗഡിലുണ്ടാക്കി. അവയിൽനിന്നു സംസ്ഥാനത്തെ രക്ഷിക്കാനാണു 2018 ൽ ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ബിജെപിയുണ്ടാക്കിയ രോഗങ്ങൾക്കുള്ള ‘ആന്റിബയോട്ടിക്’ ആണു കോൺഗ്രസ്. ആന്റിബയോട്ടിക് ഫലം ചെയ്തു തുടങ്ങിയതോടെ സംസ്ഥാനത്ത് ആന്റി ഇൻകംബൻസി (ഭരണവിരുദ്ധ വികാരം) അപ്രസക്തമായി. 

കഴിഞ്ഞ തവണ നൽകിയ വാഗ്ദാനങ്ങളുടെ സ്ഥിതിയെന്താണ്? 

2018 ൽ നൽകിയ 36ൽ 34 വാഗ്ദാനങ്ങളും യാഥാർഥ്യമാക്കി. പ്രകടനപത്രികയിൽ പറഞ്ഞതിനു പുറമേയുള്ള ഒട്ടേറെ കാര്യങ്ങളും ചെയ്തു. ഉറപ്പു നൽകിയതിനെക്കാൾ കൂടുതൽ ചെയ്യുന്ന സർക്കാർ എന്നാണു ജനം ഞങ്ങളെ വിശേഷിപ്പിക്കുന്നത്. 

താങ്കളുടെ മണ്ഡലമായ പാടനിൽ പാർട്ടിയുടെ കരുത്തുറ്റ നേതാവും എംപിയുമായ വിജയ് ബാഗേലിനെയാണു ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മത്സരം കടുപ്പമാകുമല്ലോ? 

പാടനിലെ സ്ഥാനാർഥി അദ്ദേഹമാണോ? താങ്കൾ അക്കാര്യം ബിജെപിയിൽനിന്ന് ഒന്നുകൂടി ചോദിച്ചുറപ്പിക്കൂ. എന്റെ അറിവിൽ പാടനിൽ എനിക്കെതിരെ ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയാണ് (ഇഡി). ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ, എന്റെ പിറന്നാൾ ദിനത്തിൽ അവർ ഇഡിയെ അയച്ചു. പാടനിൽ ബിജെപി തോൽവിയുറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഇഡിയെ സ്ഥാനാർഥിയാക്കിയത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നില മെച്ചപ്പെടുത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ഛത്തീസ്ഗഡ് സ്വാധീനിക്കുമോ? 

ഛത്തീസ്ഗഡിലെ ജനങ്ങൾ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തോടു കേന്ദ്ര സർക്കാർ കാട്ടിയ അവഗണനയ്ക്കു ചുട്ട മറുപടി നൽകാൻ അവർ തയാറായിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഛത്തീസ്ഗഡിൽ കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും. 

English Summary : Enforcement directorate is the BJP candidate against me says Bhupesh Baghel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT