ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ തഴയില്ല എന്നു പറയുമ്പോഴും ‘കൂട്ടായ നേതൃത്വ’മാണു തിരഞ്ഞെടുപ്പിലുണ്ടാവുക എന്നു വ്യക്തമാക്കുന്നതാണ് ബിജെപിയുടെ രണ്ടാം സ്ഥാനാർഥിപ്പട്ടിക. ഇതിൽ 3 കേന്ദ്രമന്ത്രിമാരടക്കം 7 സിറ്റിങ് എംപിമാരും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും ഉൾപ്പെട്ടതാണ് ചൗഹാനെ തഴയുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ചൗഹാനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്നേക്കുമെന്നും പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിൽ ബിജെപിയുടെ നില പരുങ്ങലിലാണെന്നതിന്റെ തെളിവാണിതെന്ന മട്ടിൽ പ്രതിപക്ഷം പ്രചാരണം നടത്തുന്നു. 

പതിനെട്ടരക്കൊല്ലത്തെ ഭരണത്തോടു ജനങ്ങൾക്കുണ്ടായേക്കാവുന്ന വികാരം മറികടക്കുന്നതിനും ദുർബലമായ സീറ്റുകളിൽ പാർട്ടിയുടെ സാധ്യത വർധിപ്പിക്കാനുമാണു വലിയ നേതാക്കളെ മത്സരിപ്പിക്കുന്നത് എന്നാണു വിശദീകരണം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, മന്ത്രിമാരായ പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗ്ഗൻ സിങ് കുലസ്തേ എന്നിവർക്കു പുറമേ 4 സിറ്റിങ് എംപിമാരെക്കൂടി രണ്ടാം പട്ടികയിൽ മത്സരത്തിനിറക്കിയിട്ടുണ്ട്. സിദ്ധി എംപി റിതി പഥക്, ജബൽപുർ എംപി രാകേഷ്സിങ്, ഹോസംഗാബാദ് എംപി ഉദയ്പ്രതാപ് സിങ്, സത്‌ന എംപി ഗണേശ് സിങ് എന്നിവരാണു മറ്റുള്ളവർ. പ്രഹ്ലാദ് സിങ് പട്ടേൽ സംസ്ഥാന ബിജെപി പ്രസിഡന്റാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 39 സീറ്റുകളിൽ 36 ലും കഴിഞ്ഞ തവണ ബിജെപി തോറ്റതാണ്. ജയിച്ച 3 സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർക്കു സീറ്റു നൽകിയിട്ടുമില്ല. ശിവ്‌രാജ് സിങ് ചൗഹാന്റെ ഭരണ നേട്ടങ്ങളാണു പ്രധാനമന്ത്രിയടക്കം പ്രചരിപ്പിക്കുന്നത്. അതിനിടെ ചൗഹാനെ ഒഴിവാക്കിയാൽ ആ പ്രചാരണം ദുർബലമാകും. അതിനാൽത്തന്നെ ഇനി പ്രഖ്യാപിക്കാനുള്ള 151 സീറ്റുകളി‍ൽ ചൗഹാനുമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. 

കർണാടക മാതൃകയിൽ നിശ്ചിത ശതമാനം എംഎൽഎമാരെ മാറ്റി പുതിയ ആളുകളെ ഇറക്കുന്ന തന്ത്രമാണു മധ്യപ്രദേശിലും ബിജെപി സ്വീകരിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിലെ ഇമാർതി ദേവി അടക്കമുള്ള പ്രമുഖർക്കു സീറ്റു നൽകിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കു സീറ്റുണ്ടാകുമോ എന്ന ചർച്ചകളും പാർട്ടിക്കുള്ളിൽ സജീവമാണ്. ചൗഹാനു പകരം മുഖ്യമന്ത്രി പദം കാംക്ഷിക്കുന്ന പ്രമുഖരിൽ സിന്ധ്യയുമുണ്ട്. 

English Summary : Madhya pradesh BJP candidate list : Shivraj Singh Chouhan not in second list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT