ADVERTISEMENT

ന്യൂഡൽഹി ∙ ജഡ്ജി നിയമനങ്ങളിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുന്നതിനെതിരെ സുപ്രീം കോടതി വീണ്ടും സ്വരം കടുപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പറയാനുണ്ടെങ്കിലും തൽക്കാലം ഒഴിവാക്കുകയാണെന്നു ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനു മുന്നറിയിപ്പു നൽകി. ‘പ്രതികരണത്തിന് ഒരാഴ്ച സാവകാശം തേടിയ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ ആവശ്യം പരിഗണിച്ചാണ് ഒന്നും മിണ്ടാതിരിക്കുന്നത്. വിഷയം ഇനി പരിഗണിക്കുമ്പോൾ കോടതി നിശ്ശബ്ദമായിരിക്കുമെന്നു കരുതരുതെന്നു ജസ്റ്റിസ് കൗൾ പറഞ്ഞു 

ഒരുഘട്ടത്തിൽ നിയമനത്തിന്റെ പേരിൽ സർക്കാരും സുപ്രീം കോടതിയും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇടവേളയ്ക്കു ശേഷമാണു കോടതി അതൃപ്തി പരസ്യമാക്കുന്നത്. നിയമന നടപടികൾ നിരീക്ഷിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ജഡ്ജി നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി കൊളീജിയം നൽകിയ 70 ശുപാർശകളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നാണു കോടതിയുടെ വിമർശനം. വളരെ പ്രധാനപ്പെട്ട ഹൈക്കോടതികളിലെ നിയമന കാര്യത്തിലാണ് അനാസ്ഥയെന്നും ബെഞ്ച് സൂചിപ്പിച്ചു. കലാപക്കേസുകൾ കുമിഞ്ഞുകൂടിയ മണിപ്പുരിലെ ഹൈക്കോടതിയിലും മറ്റും ഒഴിവു നികത്താനുണ്ട്. 

കഴിഞ്ഞ ഏപ്രിൽ വരെ നൽകിയ നിയമന ശുപാർശകളുടെ കാര്യത്തിലെങ്കിലും തീരുമാനമെടുക്കണമെന്നു കോടതി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു. വെങ്കിട്ടരമണി ഒരാഴ്ചത്തെ സാവകാശം തേടി. തുടർന്നു ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 9ലേക്കു മാറ്റി. മുൻപ് ഇതേ വിഷയത്തിൽ സർക്കാരിനെ സുപ്രീം കോടതി നിശിതമായി വിമർശിച്ചിരുന്നു. തുടർന്നു നിയമ മന്ത്രിയെ മാറ്റുകയും നിയമനങ്ങൾ വേഗത്തിലാക്കുകയും ചെയ്തു.

ആവർത്തിച്ച് കൊളീജിയം, മനംമടുത്ത് അഭിഭാഷകർ

2022 നവംബർ 11 മുതൽ സുപ്രീം കോടതി നൽകിയ 80 നിയമന–സ്ഥലംമാറ്റ ശുപാർശകളിൽ തീർപ്പാകാനുള്ള 70 ശുപാർശകളുടെ കാര്യമാണു കോടതി അറ്റോർണി ജനറലിന്റെ ശ്രദ്ധയിൽപെടുത്തിയത്. സർക്കാർ ഒരുതവണ മടക്കിയിട്ടും കോടതി വീണ്ടും നിർദേശിച്ച 7 പേരുകളും ഇതിൽപെടും. 9 പേരുകൾ പുതിയതാണ്. 26 എണ്ണം സ്ഥലംമാറ്റ ശുപാർശയാണ്. 

സർക്കാർ മടക്കിയതിൽ 16 പേരുകളാണ് കോടതി ആവർത്തിച്ചതെന്നും തീരുമാനം വൈകുന്നതിനാൽ പല അഭിഭാഷകരും ജഡ്ജിയാകുന്നതിൽ വൈമനസ്യം അറിയിച്ചെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അറിയിച്ചു. കൊളീജിയം നൽകുന്ന പട്ടിക പലതായി തരംതിരിക്കുന്ന സർക്കാർ നടപടിയോടും അദ്ദേഹം വിയോജിച്ചു. 

English Summary : Supreme court warning to Central Government on judge appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT