രാജസ്ഥാൻ: ‘മിഷൻ 2030’ യാത്രയുമായി ഗെലോട്ട്; വിമർശിച്ച് സച്ചിൻ പക്ഷം

Mail This Article
ന്യൂഡൽഹി∙ രാജസ്ഥാനിൽ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ പ്രചാരണയാത്രയ്ക്കു മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടക്കമിട്ടു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി രാജസ്ഥാനെ മാറ്റുമെന്ന പ്രഖ്യാപനത്തോടെ, ‘മിഷൻ 2030’ എന്ന പേരിലുള്ള യാത്ര 9 ദിവസം കൊണ്ട് 18 ജില്ലകളിലായി മൂവായിരത്തോളം കിലോമീറ്റർ പിന്നിടും.
സർക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടാണു യാത്ര. സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പിൽ വോട്ട് ആകുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാജസ്ഥാന്റെ വികസനത്തിനാവശ്യമായ നിർദേശങ്ങളും ഗെലോട്ട് ജനങ്ങളിൽ നിന്നു നേരിട്ടു സ്വീകരിക്കും.
അതേസമയം, യാത്രയ്ക്ക് മിഷൻ 2030 എന്നു പേരിട്ടതിൽ ഗെലോട്ടിന്റെ എതിർചേരിയിലുള്ള സച്ചിൻ പൈലറ്റ് പക്ഷത്തിന് അതൃപ്തിയുണ്ട്. 2030 ആയാലും രാജസ്ഥാൻ രാഷ്ട്രീയത്തിൽ താനുണ്ടാവുമെന്നും അധികാരം സച്ചിനു വിട്ടുകൊടുക്കാൻ തയാറല്ലെന്നുമുള്ള സന്ദേശം കൂടിയാണ് ആ പേരിലൂടെ ഗെലോട്ട് നൽകുന്നതെന്ന് ഇവർ സംശയിക്കുന്നു.
English Summary: Ashok Gehlot with 'Mission 2030' Yatra in Rajasthan