ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ ദേശവിരുദ്ധപ്രവർത്തനം നടത്തുന്നവർക്ക് പാക്കിസ്ഥാനോ ചൈനയോ അഭയം നൽകുന്നതും ആയുധവും പണവും പരിശീലനവും ലഭ്യമാക്കുന്നതും മനസ്സിലാക്കാം. ഇന്ത്യയെ ശത്രുവോ വൈരിയോ ആയാണ് ഇവർ കാണുന്നത്. പക്ഷേ, കാനഡ അങ്ങനെയല്ല; ഇന്ത്യയുടെ സുഹൃദ്‌രാജ്യമാണ്.

1960 കളിൽ ഇന്ത്യ ആണവഗവേഷണം ആരംഭിച്ചപ്പോൾ ഏറ്റവുമാദ്യം യുറേനിയവും റിയാക്ടർ സാങ്കേതികവിദ്യയും നൽകിയ സുഹൃത്താണ് കാനഡ. അടുത്ത സുഹൃത്ത് എന്നു പറയാനാകില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ കാര്യമായ ഇടച്ചിലുണ്ടായിട്ടില്ല; ശീതയുദ്ധകാലത്ത് ഇന്ത്യയുടെ ചേരിചേരായ്മയിലും സോവിയറ്റ്് യൂണിയനുമായുള്ള സൗഹൃദത്തിലും കാനഡയുൾപ്പെടെ പാശ്ചാത്യരാജ്യങ്ങൾ‌ക്കു പൊതുവേ ഉണ്ടായിരുന്ന അതൃപ്തിയൊഴിച്ചാൽ. 

യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി അടുക്കുന്ന ഇക്കാലത്ത് എന്തുകൊണ്ട് ഇന്ത്യ–കാനഡ ബന്ധം ഇത്ര വഷളായി? ഭീകരബന്ധമുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന വ്യക്തികൾക്ക് കാനഡയും യുഎസും ബ്രിട്ടനും അഭയം നൽകുന്നത് എന്തുകൊണ്ട്? 

പ്രധാനമായി 2 കാരണങ്ങളാണ്. ഒന്ന്, കാനഡയിലും മറ്റു പല പാശ്ചാത്യ ജനാധിപത്യരാജ്യങ്ങളിലും വിഘടനവാദം നിയമപരമായി കുറ്റമല്ല. മറ്റു രാജ്യത്തു വിഘടനവാദം ഉയർത്തുന്നവരെ അവരുടെ നിയമമനുസരിച്ച് കുറ്റവാളികളായി കാണാനാകില്ല എന്നു മാത്രമല്ല, സ്വന്തം രാജ്യത്ത് വിഘടനവാദം ഉയർത്തുന്നതും പലയിടത്തും കുറ്റകരമല്ല. ഫ്രഞ്ച് സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള ക്യൂബെക് പ്രദേശം കാനഡയിൽനിന്നു വിട്ടുപോകണമെന്ന് കാനഡയിൽത്തന്നെ മുറവിളി ഉയർന്നിട്ടുണ്ട്. ഇതുപോലും അവിടെ കുറ്റമല്ല. ബ്രിട്ടനിൽനിന്നു സ്കോ‌ട്‌ലൻഡ് വിട്ടുപോകണമോ എന്നതിന്റെ പേരിൽ ബ്രിട്ടിഷ് ഗവൺമെന്റ് തന്നെയാണു വോട്ടെടുപ്പിനു തയാറായത്. ഇതെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതായാണ് പല പാശ്ചാത്യരാജ്യങ്ങളും കരുതുന്നത്. 

എന്നാൽ, അതിന്റെ പേരിൽ ഭീകരപ്രവർത്തനം നടത്തുകയോ അതിനു കൂട്ടുനിൽക്കുകയോ ചെയ്യുന്നത് ആ രാജ്യങ്ങളിൽ കുറ്റകരമാണ്. എന്നിട്ടും ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നതിനു കൂട്ടുനിൽക്കുന്ന പല വ്യക്തികൾക്കും കാനഡ അഭയം നൽകുന്നുണ്ട്. അതിനു കാരണം രാജ്യതന്ത്രമാണ്. 

എത്ര സുഹൃദ്‌രാജ്യമായാലും മറ്റൊരു രാജ്യത്തിനുമേൽ സമ്മർദം ചെലുത്താൻ ശേഷിയുള്ളവരെ കൈവശം ലഭിച്ചാൽ ആരും വിട്ടുകളയില്ല. അതിവേഗം വളരുന്ന ഇന്ത്യയുടെമേൽ ആവശ്യമുള്ളപ്പോൾ സമ്മർദം ചെലുത്താനുള്ള ഉപകരണം ആയാണ് കാനഡ മാത്രമല്ല യുഎസും ബ്രിട്ടനും ഖലിസ്ഥാൻ തീവ്രവാദികളെ കാണുന്നത്. 

സുഹൃദ്‌രാജ്യങ്ങൾ തമ്മിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്; അടുത്ത സുഹൃത്തുക്കളെന്ന് പൊതുവേ കരുതുന്ന പാക്കിസ്ഥാനും ചൈനയും തമ്മിൽപോലും. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ മതതീവ്രവാദികളുടെമേൽ പാക്കിസ്ഥാന് ഒരു പരിധിവരെ സ്വാധീനമുണ്ട്. ചൈനയുടെമേൽ സമ്മർദം ചെലുത്താൻ ഇടയ്ക്കിടെ ഇവരെ പാക്കിസ്ഥാൻ ഇളക്കിവിടാറുമുണ്ട്. 

ഇന്ത്യയ്ക്കെതിരെയും ഈ ആരോപണം ഉയർന്നിട്ടുണ്ട്. ശ്രീലങ്കയിൽ തമിഴ് തീവ്രവാദികളുടെമേൽ ഇന്ത്യയ്ക്ക് നല്ലൊരളവുവരെ സ്വാധീനമുണ്ടായിരുന്നതായി ശ്രീലങ്കൻ ഭരണകൂടം ഒരുകാലത്ത് ആരോപിച്ചിരുന്നു. 

പാക്കിസ്ഥാനിൽ ആരംഭിച്ച മത തീവ്രവാദത്തെപ്പോലും ഈ ആവശ്യത്തിന് പാശ്ചാത്യരാജ്യങ്ങൾ ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഭരണത്തെ തകർക്കാൻ പാശ്ചാത്യലോകം തീവ്രവാദത്തെ തുണച്ചു. പാക്കിസ്ഥാൻ അത് ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചപ്പോഴും പാശ്ചാത്യലോകം കണ്ണടയ്ക്കുകയായിരുന്നു; ബിൻ ലാദന്റെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ. 

എന്നോ കെട്ടടങ്ങിയെന്നു കരുതിയിരുന്ന ഖലിസ്ഥാൻ തീവ്രവാദം മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെമേൽ സമ്മർദം ചെലുത്താൻ പാശ്ചാത്യലോകത്തിന്റെ കൈവശമുള്ളത്. ഇന്ത്യയിലെ സിഖുകാർ അത് മറന്നാലും, കാനഡയിലും യുഎസിലും ബ്രിട്ടനിലുമെല്ലാമുള്ള ലക്ഷക്കണക്കിനു സിഖുകാരിൽ വിരലിലെണ്ണാവുന്നവരുടെ ഉള്ളിലെങ്കിലും അത് കനലായി കിടക്കും. 1980കളിലെപ്പോലെ അതൊരു ജ്വാലയായി പടരുമെന്നു കരുതാനാകില്ല. എന്നാൽ, ചാരത്തിനടിയിലെ കനൽ പോലെ പലയിടങ്ങളിലും അത് ചുവന്നു കിടക്കും; വേണ്ടപ്പോൾ ഊതിക്കത്തിക്കാൻ പാകത്തിൽ. 

English Summary: Why friendly countries gives refuge to anti India elements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT