ADVERTISEMENT

‘സത്യ, അഹിംസ, ബ്രഹ്‌മചര്യ, അസ്‌തേയ, അപരിഗ്രഹ, ശരീരാശ്രമ, ആസ്വാദ, അഭയ, സർവധർമ സമാനത്വ, സ്വദേശി, അസ്പൃശ്യതാനിവാരണ...’ 

ഏതെങ്കിലും ഗാന്ധിയൻ സ്ഥാപനത്തിൽ ഒരിക്കലെങ്കിലും രാവിലെ പോയിട്ടുള്ളവർ തീർച്ചയായും മേൽപറഞ്ഞ സൂക്തങ്ങൾ കേട്ടിരിക്കും. മോഹൻദാസ് കരംചന്ദ് ഗാന്ധി സ്വയം സ്വീകരിച്ചതും അദ്ദേഹത്തിന്റെ സബർമതി ആശ്രമത്തിലെ അന്തേവാസികൾക്കു നിർദേശിച്ചതുമായ പ്രതിജ്ഞകളാണിവ. അതിൽ ആദ്യത്തെ അഞ്ചെണ്ണം ഇന്ത്യയിലെ മിക്കവാറും എല്ലാ മതങ്ങളിലും പൊതുവായുള്ളതും നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നതുമാണ്. വിശേഷിച്ചും, ആദ്യത്തെ രണ്ടു പ്രതിജ്ഞകൾ - സത്യവും അഹിംസയും - രാജ്യത്തു സഹസ്രാബ്ദങ്ങളായി കേട്ടുവരുന്നവയാണ്. അവ പാലിക്കുന്നത്, സൂക്തങ്ങളിലെ മറ്റു പ്രതിജ്ഞകൾ പാലിക്കാനും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെ സഹായിക്കുന്നുമുണ്ട്. എങ്കിലും അഹിംസയെക്കാൾ സത്യത്തിനാണു ഗാന്ധി പ്രാധാന്യം കൽപിച്ചത്. അദ്ദേഹം പറഞ്ഞു– ‘എന്തിനാണു സത്യത്തെയും അഹിംസയെയും താരതമ്യം ചെയ്യുന്നത് ? അഥവാ അങ്ങനെയൊരു താരതമ്യം നിർബന്ധമായി വന്നാൽ, അഹിംസയ്ക്കും മുകളിലാണു സത്യത്തിന്റെ സ്ഥാനം എന്നു ഞാൻ പറയും. അസത്യവും ഹിംസയാകുന്നു.’ 

തന്റെ ആദർശങ്ങളെ ആയുധമാക്കി 1947ൽ ഇന്ത്യയെ ബ്രിട്ടിഷ് ആധിപത്യത്തിൽനിന്നു മോചിപ്പിച്ചതു കൊണ്ടാണ് മഹാത്മാ ഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായി കണക്കാക്കപ്പെടുന്നത്. ഈ ഭൂമിയിൽ ജീവിച്ചിരുന്ന 78 വർഷവും 119 ദിവസവും ഗാന്ധി തന്റെ ആദർശങ്ങൾ പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 

‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. ആ ദൈവത്തെ സാക്ഷാൽക്കരിക്കാനുള്ള വഴിയാണ് അഹിംസ’ എന്നു ഗാന്ധി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പക്ഷേ, ഗാന്ധിയെപ്പോലെ ഗാന്ധിയുടെ ആദർശങ്ങളും അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ വലിയ മാറ്റങ്ങളിലൂടെ കടന്നുപോയി. അവയിൽ ഒന്നു പോലും അതിന്റെ ആദിമരൂപത്തിൽ അവശേഷിച്ചില്ല. അഹിംസയെയും തൊട്ടുകൂടായ്മയെയും സംബന്ധിച്ച നിലപാടുകളിൽ മഹാത്മാ ഗാന്ധിക്കും മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. 1948ൽ പാക്കിസ്ഥാൻ ഗോത്രവർഗക്കാർ കശ്മീരിനെ ആക്രമിച്ചതിനെ തുടർന്ന് ‘അക്രമവും പ്രതിരോധവും’ എന്ന സിദ്ധാന്തം അഹിംസാ സങ്കൽപത്തിന്റെ ഭാഗമായതും 1920കളിൽ അംബേദ്കറുമായുണ്ടായ സംവാദത്തെ തുടർന്ന് അദ്ദേഹം ജാതിയധിഷ്ഠിത തൊഴിൽ സമ്പ്രദായത്തെ എതിർത്തതും പന്തിഭോജനത്തെയും മിശ്രവിവാഹത്തെയും പിന്തുണച്ചതുമെല്ലാം ഉദാഹരണങ്ങൾ. 

മഹാനായ ആ മനുഷ്യൻ 1948 ജനുവരി 30നു കൊല്ലപ്പെട്ട ശേഷവും നാലു ഗാന്ധിമാർ അതിജീവിച്ചതായി സാമൂഹിക ശാസ്ത്രജ്ഞൻ ആശിഷ് നന്ദി 2000ൽ എഴുതിയിട്ടുണ്ട്. ആ നാലു ഗാന്ധിമാർ ഇവരാണ്– ഇന്ത്യാരാജ്യത്തിന്റെ ഗാന്ധി, ഗാന്ധിയന്മാരുടെ ഗാന്ധി, സ്‌കോച്ച് വിസ്‌കിയെക്കാൾ കോക്കകോളയെ എതിർക്കുന്ന ജീർണവസ്ത്രധാരികളായ വിചിത്രമനുഷ്യരുടെ ഗാന്ധി, പിന്നെ ആ തനത് ഹിന്ദ് സ്വരാജ് ഗാന്ധി. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാലിലധികം ഗാന്ധിമാർ അതിജീവിച്ചിട്ടുണ്ട് എന്നാണു ഞാൻ പറയുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കു പ്രചോദനമായ ഗാന്ധി അതിലൊന്നാണ്. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ജീവിച്ചിരുന്ന വിദേശികളുടെ കാഴ്ചപ്പാടിൽനിന്നു കൊണ്ട് 1982ൽ റിച്ചഡ് ആറ്റൻബറോ അദ്ദേഹത്തിന്റെ സിനിമയിൽ ആവിഷ്‌കരിച്ച ഗാന്ധി മറ്റൊന്ന്. അഭിനേതാക്കളുടെ മനസ്സാക്ഷിയെപ്പോലും സിനിമയിലിട്ട് കുത്തിക്കീറിയ രാജു ഹിരാനിയെപ്പോലുള്ള ഇന്ത്യൻ സംവിധായകരുടേതു വേറെ ഗാന്ധി. ഗോസംരക്ഷകരെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും അപലപിക്കുന്ന ഇടതു ലിബറലുകളുടെ ഗാന്ധിയുമുണ്ട്. 

അതിവിദൂര ഭാവിയിൽ ഗാന്ധിക്കു മറ്റെന്നത്തെക്കാളും പ്രസക്തി വർധിക്കുമെന്നതിലും എനിക്കു തരി പോലും സംശയമില്ല. സർവോപരി, സ്വാശ്രയ ഇന്ത്യയുടെയും ഗ്രാമ റിപ്പബ്ലിക്കുകളുടെയും കരുത്തനായ വക്താവായിരുന്നു ഗാന്ധി. സാങ്കേതികവിദ്യകളും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും സാമ്പത്തിക വിശാലതയും ഉപയോഗിച്ചു വികസന രംഗത്തെ ഗ്രാമ-നഗര വ്യത്യാസം ഇല്ലാതാക്കുക എന്ന മോദിയുടെ കാഴ്ചപ്പാടും ഗാന്ധിയുടെ ആഹ്വാനങ്ങളുടെ പരിണാമം തന്നെ. സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കും ചെറു രാഷ്ട്രങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിനാൽ, സത്യത്തെയും അഹിംസയെയും സംബന്ധിച്ച ഗാന്ധിയുടെ ആദർശങ്ങൾ ഈ സമൂഹത്തിന് എക്കാലത്തും ആവശ്യമുണ്ടായിരിക്കുക തന്നെ ചെയ്യും. 

(ജയ്പുർ ജെഇസിആർസി സർവകലാശാലയിൽ മാസ് കമ്യൂണിക്കേഷൻ വിഭാഗം ഡീൻ ആണു ലേഖകൻ. മുൻ മാധ്യമപ്രവർത്തകനും ‘മഹാത്മാഗാന്ധി ഇൻ സിനിമ’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്). 

English Summary: Remembering Mahatma Gandhi on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT