മദ്യനയക്കേസ്: തെളിവു വേണമെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ മനീഷ് സിസോദിയയ്ക്കെതിരായ കോഴ ഇടപാടു ഗുരുതരമെന്നു സ്ഥാപിക്കാനായാൽ മാത്രമേ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കൂവെന്നു സുപ്രീം കോടതി വ്യക്തമാക്കി. സിബിഐയും ഇ.ഡിയും റജിസ്റ്റർ ചെയ്ത 2 കേസുകളിലെ സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ.ഭാട്ടി എന്നിവരുടെ ബെഞ്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി.
മദ്യനയത്തിൽ തിരിമറി നടത്താൻ സിസോദിയയ്ക്കു കൈക്കൂലി ലഭിച്ചെന്ന നിഗമനത്തിൽ മാത്രം അന്വേഷണ ഏജൻസിക്കു മുന്നോട്ടു പോകാനാവില്ലെന്നു കോടതി പറഞ്ഞു. ഇ.ഡി റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൈക്കൂലി ആരോപണമില്ലെന്നു സിസോദിയയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വെറും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടു പോകാനാവില്ലെന്നു പറഞ്ഞ കോടതി പ്രതിക്ക് നിയമാനുസൃത സംരക്ഷണം നൽകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.