ജഡ്ജിമാരെ നിയമിക്കാം, ആദ്യം നടപടിക്രമം പരിഷ്ക്കരിക്കൂ എന്ന് സർക്കാർ

Mail This Article
ന്യൂഡൽഹി ∙ ജഡ്ജി നിയമന ശുപാർശകൾ കെട്ടിക്കിടക്കുന്നതിൽ സുപ്രീം കോടതി അസ്വാരസ്യം പ്രകടിപ്പിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയാറാകാതെ കേന്ദ്ര നിയമമന്ത്രാലയം. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനു തയാറാക്കിയ നടപടിക്രമത്തിന്റെ (എംഒപി) കാര്യത്തിൽ കോടതി ആദ്യം തീർപ്പുണ്ടാക്കട്ടെ എന്ന നിലപാടിലാണു സർക്കാർ. എംഒപി കഴിഞ്ഞ 7 വർഷമായി കോടതിയുടെ തീർപ്പു കാത്തിരിക്കുകയാണ്.
അന്തിമ തീർപ്പിനായി ഓരോ ഘട്ടത്തിലും സർക്കാർ കോടതിക്കു കത്തു നൽകുന്നുണ്ടെങ്കിലും അവഗണിക്കുകയാണ് പതിവ്. ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയത്തിനു പുറമേ, സർക്കാർ പ്രാതിനിധ്യം കൂടി ഉറപ്പാക്കുന്ന സെർച് ആൻഡ് ഇവാലുവേഷൻ കമ്മിറ്റിയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ, കൊളീജിയത്തിനുള്ള പരിപൂർണാവകാശം നഷ്ടമാകുമെന്നതിനാൽ കോടതി അനങ്ങിയിട്ടില്ല. ജഡ്ജി നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട കേസ് നവംബർ 7ന് പരിഗണിക്കാനിരിക്കുന്നുവെന്നതു വിഷയത്തിനു ഗൗരവം കൂട്ടുന്നു.
5 നിയമസഭകളിലേക്കു വോട്ടെടുപ്പു നടക്കാനിരിക്കെ സർക്കാരിനെതിരായ പരാമർശം കോടതിയിൽ നിന്നുണ്ടാകാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല. അതേസമയം, ജഡ്ജി നിയമനത്തിൽ കോടതികൾക്കുള്ള നിയന്ത്രണം അവസാനിപ്പിക്കാൻ എംഒപി വേണമെന്നു സർക്കാർ ആഗ്രഹിക്കുന്നു. 1993 ലെ സുപ്രീം കോടതി വിധിയുടെയും 1998 ഒക്ടോബറിൽ നൽകിയ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയതാണു നിലവിലെ എംഒപി.