പച്ചത്തുരുത്തായി പിപ്പലാന്ത്രി ഗ്രാമം; മരങ്ങൾക്ക് പുരുഷമുഖം, വനിതകൾക്ക് മുന്നേറ്റം

Mail This Article
∙ഓരോ പെൺകുട്ടി ജനിക്കുമ്പോഴും പിപ്പലാന്ത്രി ഗ്രാമം 111 വൃക്ഷത്തൈകൾ നടും. അകാലത്തിൽ നഷ്ടപ്പെട്ട മകൾ കിരണിന്റെ ഓർമയ്ക്ക് 2007ൽ അന്നത്തെ ഗ്രാമമുഖ്യൻ ശ്യാംസുന്ദർ പലിവാൾ തുടങ്ങിയ ഉദ്യമം പിന്നീട് ഗ്രാമം ഏറ്റെടുക്കുകയായിരുന്നു. 4 ലക്ഷത്തിലധികം മരങ്ങൾ ഇതിനകം ഗ്രാമത്തിൽ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. ഓരോ മരത്തെയും സ്വന്തം സഹോദരനായാണ് പെൺകുട്ടികൾ കാണുന്നത്. തലേക്കെട്ടും മീശയുമുള്ള പുരുഷമുഖം വരച്ച മരങ്ങൾക്ക് രാഖി കെട്ടി പെൺകുട്ടികൾ സാഹോദര്യം ആഘോഷിക്കുന്നു.
മരം നടുക മാത്രമല്ല, ജനിച്ച പെൺകുട്ടികളുടെ പേരിൽ 31,000 രൂപ ഗ്രാമം 20 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും. ഇതിൽ 21,000 രൂപ ഗ്രാമത്തിലെ അംഗങ്ങളാണ് നൽകുക. 10,000 രൂപ രക്ഷിതാക്കളും.
മാർബിൾ ഖനനത്തിന്റെ മുറിവുകൾക്കിടയിലും പിപ്പലാന്ത്രി ഇന്നൊരു പച്ചത്തുരുത്താണ്. ആ വലിയ മാറ്റത്തിനു വഴിവച്ച ശ്യാംസുന്ദർ പലിവാളാകട്ടെ പത്മശ്രീ (2021) ജേതാവും.
മരം വിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അമരത്തേക്കു വന്നാൽ, പിപ്പലാന്ത്രി ഉൾപ്പെട്ട രാജ്സമന്ദ് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥി വനിതയാണ്. സിറ്റിങ് എംഎൽഎ കൂടിയായ ദീപ്തി കിരൺ മഹേശ്വരി. തുടർച്ചയായി 3 തവണ എംഎൽഎയായിരുന്ന അമ്മ കിരൺ മഹേശ്വരിയുടെ നിര്യാണത്തെത്തുടർന്ന് 2021ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ദീപ്തി രാജ്സമന്ദിൽനിന്ന് നിയമസഭയിലേക്കെത്തുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രാജസ്ഥാനിൽ 5 ഉപതിരഞ്ഞെടുപ്പുകൾ നടന്നു. അതിൽ വിജയം നേടിയ ഏക ബിജെപി അംഗം കൂടിയാണ് ദീപ്തി.
മണ്ഡലം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത് നാരായൺ സിങ് ഭട്ടിയെ ആണ്.
∙സൗജന്യമൊഴുകുമ്പോൾ
സ്ത്രീകൾക്കു 12,000 കോടി രൂപയുടെ സൗജന്യ സ്മാർട്ട് ഫോൺ പദ്ധതി, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, പ്രതിവർഷം 10,000 രൂപ എന്നിങ്ങനെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും പ്രഖ്യാപിച്ചതുമായ ക്ഷേമപദ്ധതികൾ കാണുമ്പോൾ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് എന്താണ് സംഭവിച്ചതെന്ന് സംശയം തോന്നാം. പക്ഷേ, ഉന്നംവച്ചു തന്നെയുള്ള ഏറാണിത്. രാജസ്ഥാനിലെ 5.26 കോടി വോട്ടർമാരിൽ 2.51 കോടി സ്ത്രീകളാണ്. 2018 തിരഞ്ഞെടുപ്പിൽ പുരുഷന്മാരെക്കാൾ (73.49%) വോട്ട് രേഖപ്പെടുത്തിയതും സ്ത്രീകളായിരുന്നു (74.66%). ഓരോ തിരഞ്ഞെടുപ്പിലും സ്ത്രീവോട്ടർമാരുടെ പ്രാതിനിധ്യം കൂടിവരുന്ന കാഴ്ചയാണ്. അതിനാൽ സ്ത്രീകളുടെ വോട്ട് ബാങ്കിൽനിന്നു വലിയൊരു തുകതന്നെ പിൻവലിക്കാനാകുമെന്ന പ്രതീക്ഷയാണ് ക്ഷേമപദ്ധതികളുടെ അടിസ്ഥാനം. അതേസമയം, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ വർധന ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ പ്രചാരണം.
സ്ത്രീ വോട്ടുകളുടെ പിൻബലം തേടുന്നുണ്ടെങ്കിലും സ്ത്രീ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒട്ടും ബലമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസും ബിജെപിയും. 200 നിയമസഭാ സീറ്റുകളിൽ ആകെ 28 സീറ്റുകളിലേക്കാണ് കോൺഗ്രസ് വനിതാ സ്ഥാനാർഥികളെ നിയോഗിച്ചത്. ബിജെപിയാകട്ടെ 20 ഇടത്തും.
തിരഞ്ഞെടുപ്പ്: പിടികൂടിയത് 1760 കോടിയുടെ വസ്തുക്കൾ
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പിടിച്ചെടുത്തത് 1760 കോടി രൂപയുടെ വസ്തുക്കൾ. പണമായി 372.9 കോടി രൂപയാണു പിടിച്ചെടുത്ത്. 214.8 കോടിയുടെ മദ്യം, 245.3 കോടി രൂപയുടെ ലഹരി, 371.2 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങൾ, 556.02 കോടി രൂപയുടെ സൗജന്യവസ്തുക്കൾ എന്നിവയും പിടികൂടി.
തെലങ്കാനയിൽനിന്നാണ് ഏറ്റവും കൂടുതൽ തുകയ്ക്കുള്ളവ പിടികൂടിയത്– 659.2 കോടി രൂപ.
രാജസ്ഥാനിൽനിന്ന് 650.7 കോടിയുടെയും മധ്യപ്രദേശിൽനിന്ന് 323.7 കോടിയുടെയും വസ്തുക്കൾ പിടിച്ചു. മിസോറമിൽനിന്നു പണമോ വിലകൂടിയ ലോഹങ്ങളോ പിടിച്ചെടുത്തിട്ടില്ല.