തമിഴ്നാട് ഗവർണറോട് സുപ്രീം കോടതി: ബില്ലുകളിൽ 3 വർഷം എന്തെടുക്കുകയായിരുന്നു?
Mail This Article
ന്യൂഡൽഹി ∙ തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ച ശേഷം മാത്രം ബില്ലുകൾ പരിഗണിച്ച ഗവർണർ 3 വർഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി ചോദിച്ചു. സർക്കാർ കോടതിയെ സമീപിക്കുംവരെ ഗവർണർ കാത്തുനിന്നത് എന്തുകൊണ്ടാണ്? പരാമർശങ്ങൾ ഏതെങ്കിലും ഒരു ഗവർണർക്കെതിരെയല്ലെന്നും ഗവർണർമാരുടെ ഓഫിസിനെക്കുറിച്ചു പൊതുവേയാണെന്നും ആർ.എൻ.രവിയുടെ നിലപാടിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഹർജി വീണ്ടും ഡിസംബർ ഒന്നിനു പരിഗണിക്കും.
കഴിഞ്ഞ 10നു ഗവർണർക്കു സുപ്രീം കോടതി നോട്ടിസയച്ചിരുന്നു. പിന്നാലെ, 2020 മുതൽ കൈവശമിരിക്കുന്ന 10 ബില്ലുകൾ ഒന്നിച്ചു പരിഗണിച്ച ഗവർണർ ഇവ തിരിച്ചയച്ചു. ഇക്കാര്യം ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയാണു മൂന്നംഗ ബെഞ്ചിനെ അറിയിച്ചത്. എന്നാൽ, ബില്ലുകൾ 2020 മുതൽ ഗവർണറുടെ പക്കലുണ്ടല്ലോയെന്നു കോടതി ചോദിച്ചു. നോട്ടിസ് അയച്ചശേഷമാണു ഗവർണർ തീരുമാനമെടുത്തതെന്നു വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനകാര്യത്തിൽ ഗവർണറുടെ അധികാരം സംബന്ധിച്ച ബില്ലുകൾ പുനഃപരിശോധിക്കേണ്ടിയിരുന്നുവെന്ന് എജി വിശദീകരിച്ചു. 2020 മുതൽ ബില്ലുകൾ തീർപ്പില്ലാതെയുണ്ടെന്നു കോടതി പറഞ്ഞപ്പോൾ, 2021 നവംബറിലാണ് രവി ഗവർണറായി ചുമതലയേറ്റതെന്ന് എജി മറുപടി നൽകി. അപ്പോഴാണ്, ഗവർണർമാരുടെ ഓഫിസിനെക്കുറിച്ചു പൊതുവിലാണ് പരാമർശമെന്നു കോടതി വ്യക്തമാക്കിയത്.
ഗവർണർ തിരിച്ചയച്ച 10 ബില്ലുകളും മാറ്റങ്ങളില്ലാതെ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനത്തിൽ വീണ്ടും പാസാക്കിയിരുന്നു. ഇതിൽ ഗവർണറുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണു കോടതി ഹർജികൾ ഡിസംബർ ഒന്നിലേക്കു മാറ്റിയത്.
സഭ വീണ്ടും പാസാക്കിയ 10 എണ്ണം ഉൾപ്പെടെ 15 ബില്ലുകൾ ഗവർണറുടെ പക്കലുണ്ടെന്നും കൃത്യമായ കാരണമില്ലാതെ ബില്ലുകൾ ഗവർണർക്കു പിടിച്ചുവയ്ക്കാനാകില്ലെന്നും തമിഴ്നാടിനുവേണ്ടി മുകുൾ റോഹത്ഗിയും അഭിഷേക് മനു സിങ്‍വിയും വ്യക്തമാക്കി. ഗവർണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200–ാം വകുപ്പിൽ ആവശ്യമെങ്കിൽ ബിൽ തടഞ്ഞുവയ്ക്കാമെന്നു വ്യവസ്ഥയുണ്ടല്ലോ എന്നു കോടതി ചോദിച്ചെങ്കിലും ഒപ്പുവയ്ക്കുന്നില്ലെങ്കിൽ അഭിപ്രായം രേഖപ്പെടുത്തി എത്രയും വേഗം നിയമസഭയ്ക്കു തിരിച്ചയയ്ക്കുകയാണു വേണ്ടതെന്നു സർക്കാർ വാദിച്ചു. ബില്ലുകൾ വീണ്ടും അതേപടി പാസാക്കിയ സ്ഥിതിക്ക് രാഷ്ട്രപതിക്കു വിടാനാകില്ലെന്ന് അഭിഭാഷകർ പറഞ്ഞു.
നേർക്കുനേർ‘എജി’മാർ
കേന്ദ്ര സർക്കാരിനും ഗവർണർമാർക്കും വേണ്ടി അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഹാജരായപ്പോൾ, കേരള, തമിഴ്നാട് സർക്കാരുകൾക്കായി കോടതിയിൽ ഹാജരായതു 2 മുൻ അറ്റോർണി ജനറൽമാർ. കേരളത്തിനുവേണ്ടി കെ.കെ.വേണുഗോപാലും തമിഴ്നാടിനുവേണ്ടി മുകുൾ റോഹത്ഗിയും.
കേരള സർക്കാരിന്റെ ഹർജികളിൽ നോട്ടിസ്
ന്യൂഡൽഹി ∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിക്കെതിരായ കേരള സർക്കാരിന്റെ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. ഗവർണറുടെയും കേന്ദ്ര സർക്കാരിന്റെയും മറുപടി തേടിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, വിഷയം 24നു പരിഗണിക്കാനായി മാറ്റി. വിഷയത്തിൽ കോടതിയെ സഹായിക്കുന്നതിന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയുടെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും സഹായം കോടതി തേടി. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇരുവരുടെയും സാന്നിധ്യം കേരളം ആവശ്യപ്പെട്ടിരുന്നു.
നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഗവർണറുടെ അനുമതി കാത്തുകിടക്കുകയാണെന്നും ഇതിൽ 21 മാസം വരെയായ ബില്ലുകളുണ്ടെന്നും കേരള സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളിലെ നിയമനിർമാണ സംവിധാനത്തിന്റെ ഭാഗമാണു ഗവർണറെന്നു വേണുഗോപാൽ വാദിച്ചു. ഗവർണർ പുറപ്പെടുവിച്ച 3 ഓർഡിനൻസുകളാണു പിന്നീടു ബില്ലുകളായതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.