ജഡ്ജിമാരുടെ സ്ഥലംമാറ്റം വൈകുന്നു:സുപ്രീം കോടതിക്ക് അതൃപ്തി

Mail This Article
ന്യൂഡൽഹി ∙ കൊളീജിയം ശുപാർശചെയ്തിട്ടും ഗുജറാത്തിലെ ജഡ്ജിമാരെ സ്ഥലംമാറ്റാത്ത നടപടിയിലൂടെ കേന്ദ്രസർക്കാർ എന്തു സന്ദേശമാണു നൽകുന്നതെന്നു സുപ്രീം കോടതി ചോദിച്ചു. സ്വന്തം താൽപര്യപ്രകാരം സ്ഥലംമാറ്റ തീരുമാനമെടുക്കുന്ന കേന്ദ്ര നടപടിക്കെതിരെ വിയോജിപ്പ് ആവർത്തിച്ച കോടതി, ഇക്കാര്യത്തിൽ സർക്കാരിനു മുന്നറിയിപ്പു നൽകി. സർക്കാർ കൂടുതൽ സാവകാശം തേടിയതു പരിഗണിച്ചു ഹർജി ഡിസംബർ 5നു മാറ്റി.
കൊളീജിയം നൽകിയ 11 ശുപാർശകളിൽ 6 എണ്ണത്തിൽ തീരുമാനമെടുക്കാത്ത സർക്കാർ നടപടിയാണ് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് വിമർശിച്ചത്. ‘ഗുജറാത്തിലെ 4 ജഡ്ജിമാരുടേതുൾപ്പെടെ 6 ശുപാർശകളിൽ സർക്കാർ തീരുമാനമെടുത്തില്ല. തീരുമാനമെടുക്കാതിരുന്ന മറ്റു ശുപാർശകൾ ഡൽഹിയിലെയും അലഹാബാദ് ഹൈക്കോടതിയിലെയും ആണ്. സുപ്രീം കോടതി ആഗ്രഹിക്കുന്ന തരത്തിൽ ജഡ്ജിമാർ സ്ഥലംമാറ്റപ്പെടാതിരിക്കുന്നതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സന്തോഷമുള്ള കാര്യങ്ങളല്ല ഇതൊന്നും.’– കോടതി വ്യക്തമാക്കി.
ജഡ്ജി നിയമന വിഷയത്തിൽ സമീപകാലത്തു വന്ന കാലതാമസവും കോടതി ചൂണ്ടിക്കാട്ടി. സിഖുകാരായ 2 അഭിഭാഷകരുടെ നിയമന ശുപാർശയിൽ തീരുമാനമെടുക്കാത്തതിലും അതൃപ്തി അറിയിച്ചു.
കേസ് വേറെ സംസ്ഥാനത്താണെങ്കിലും മുൻകൂർ ജാമ്യമനുവദിക്കാം
ന്യൂഡൽഹി ∙ കേസ് റജിസ്റ്റർ ചെയ്തതു മറ്റൊരു സംസ്ഥാനത്താണെങ്കിലും പ്രതികൾക്കു മുൻകൂർജാമ്യം അനുവദിക്കാൻ ഹൈക്കോടതിക്കും സെഷൻസ് കോടതിക്കും അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൗരന്റെ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതു പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയാണു ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്വൽ ഭുയാൻ എന്നിവർ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപിതനായ ഭർത്താവിന്റെ ജാമ്യാപേക്ഷ അനുവദിച്ച ബെംഗളൂരുവിലെ സെഷൻസ് ജഡ്ജിയുടെ ഉത്തരവിനെതിരെ പ്രിയ ഇന്തോരിയ നൽകിയ പ്രത്യേകാനുമതി ഹർജിയിലാണു വിധി.
ക്രിമിനൽ നടപടി ചട്ടത്തിലെ 438–ാം വകുപ്പിലെ വ്യവസ്ഥകൾ പാലിച്ചു മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണ്. എന്നാൽ, മറ്റൊരു സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത കേസിന്റെ കാര്യത്തിൽ കോടതിയുടെ അധികാരപരിധി പ്രശ്നമാകുമോയെന്നതായിരുന്നു ചോദ്യം. ഇത്തരം സാഹചര്യങ്ങളിൽ, ആവശ്യമെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം നൽകാൻ വിവേചനാധികാരം ഉണ്ടെന്നു കോടതി വ്യക്തമാക്കി.