മന്ത്രിയോട് ആ അമ്മ പറഞ്ഞു: ‘ഇത്തരം പ്രദർശനം നടത്താതിരിക്കൂ’

Mail This Article
ന്യൂഡൽഹി ∙ ‘‘ഇത്തരം പ്രദർശനം നടത്താതിരിക്കൂ. എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയാൽ മതി. മറ്റൊന്നും വേണ്ട’’– ചെക്ക് കയ്യിൽ പിടിപ്പിച്ച് ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ ആ അമ്മ മന്ത്രിയോട് കണ്ണീരോടെ പറഞ്ഞു. അവരുടെ മകൻ ക്യാപ്റ്റൻ ശുഭം ഗുപ്ത (27) ഈ മാസം 23നാണ് ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
യുപി ഉന്നതവിദ്യാഭ്യാസമന്ത്രി യോഗേന്ദ്ര ഉപാധ്യായ പിറ്റേന്ന് ആഗ്രയിൽ ശുഭത്തിന്റെ മാതാപിതാക്കളെ കാണാൻ ചെന്നപ്പോഴുള്ള രംഗങ്ങളാണ് വ്യാപക വിമർശനത്തിനു കാരണമായത്. 50 ലക്ഷം രൂപയുടെ 2 ചെക്കുകൾ നൽകാൻ ശ്രമിച്ചപ്പോൾ ശുഭത്തിന്റെ അമ്മ സ്വീകരിച്ചില്ല. എന്നാൽ, ഏതാനും പേർ ചേർന്ന് താങ്ങിപ്പിടിച്ചു കൊണ്ടുവന്ന അമ്മയുടെ കയ്യിൽ മന്ത്രിയും ജി.എസ്.ധർമേഷ് എംഎൽഎയും ചേർന്ന് ചെക്ക് പിടിപ്പിക്കാൻ ശ്രമിച്ചു. അതിന്റെ ഫോട്ടോയെടുക്കുകയും ചെയ്തു. ഇതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമമായ ‘എക്സി’ൽ വിഡിയോ പ്രചരിച്ചു.
പ്രതിപക്ഷ പാർട്ടികൾക്കു പുറമേ ചില മുൻ സൈനികോദ്യോഗസ്ഥരും വിമർശനവുമായി രംഗത്തെത്തി. എന്നാൽ മകനെ നഷ്ടപ്പെട്ട അമ്മയുടെ സങ്കടത്തെ പ്രതിപക്ഷം രാഷ്ട്രീയവൽകരിക്കാൻ ശ്രമിക്കുകയാണെന്നു മന്ത്രി പ്രതികരിച്ചു. ശുഭം ഗുപ്ത ഉൾപ്പെടെ 5 സൈനികരാണ് 36 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ലഷ്കർ കമാൻഡർ ഉൾപ്പെടെ 2 ഭീകരരും കൊല്ലപ്പെട്ടു.