തൊഴിലാളികളിലേക്കെത്താൻ 10 മീറ്റർ കൂടി; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇന്നു രക്ഷിക്കാമെന്ന് പ്രതീക്ഷ
Mail This Article
തുടർച്ചയായുള്ള തിരിച്ചടികൾ പിന്നിട്ട് സിൽക്യാര തുരങ്കത്തിലെ രക്ഷാദൗത്യത്തിൽ പ്രതീക്ഷാനിർഭരമായ പുരോഗതി. ഇന്ന് വിജയം ഉറപ്പാണെന്നു രക്ഷാസംഘം ‘മനോരമ’യോടു പറഞ്ഞു. തുരങ്കത്തിലുള്ള 41 തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാകുഴൽ തള്ളി നീക്കുന്ന ജോലി ഇന്നലെ വൈകിട്ട് 4.30ന് പുനരാരംഭിച്ചു. രണ്ടര മണിക്കൂർ കൊണ്ട് ഇത് ഒരു മീറ്റർ മുന്നോട്ടുനീങ്ങി. ഇതേ വേഗത്തിൽ നീങ്ങിയാൽ ഇന്നു രാവിലെ തൊഴിലാളികളെ രക്ഷിക്കാൻ കഴിയും. ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളുടെ സമീപം വരെ ആകെ 10 മീറ്ററാണ് കുഴൽ നീക്കേണ്ടത്. വിശ്രമമില്ലാതെ ദൗത്യസംഘം ശ്രമം തുടരുകയാണ്.
കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കുന്നത്.
80 സെന്റിമീറ്റർ വ്യാസമുള്ള കുഴലിൽ ഞെരുങ്ങിയിരുന്നാണ് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കുന്നത്. ചുരുങ്ങിയ സ്ഥലത്തിരുന്ന് അവശിഷ്ടങ്ങൾ നീക്കി ചെറു ദ്വാരങ്ങളുണ്ടാക്കാൻ വൈദഗ്ധ്യമുള്ള ‘റാറ്റ് മൈനേഴ്സ്’ ആണിവർ. കൂടുതൽ തടസ്സങ്ങളുണ്ടായില്ലെങ്കിൽ കുഴൽ സുഗമമായി തൊഴിലാളികളിലേക്കെത്തിക്കാം. അതുവഴി അവരെ പുറത്തു കൊണ്ടുവരാം. മലയുടെ മുകളിൽനിന്ന് താഴേക്കു കുഴിച്ചിറങ്ങാനുള്ള ശ്രമം തുടരുകയാണ്. ആകെയുള്ള 86 മീറ്ററിൽ ഇതുവരെ 50 മീറ്റർ കുഴിച്ചു. തുരങ്കത്തിലൂടെ കുഴൽ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ ഈ വഴിയിലൂടെ തൊഴിലാളികളിലേക്ക് എത്തുകയാണ് ലക്ഷ്യം.
കരസേനയ്ക്ക് കേന്ദ്ര അനുമതിയില്ല
ഉത്തരകാശി ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ദൗത്യത്തിൽ ചേരാൻ കരസേനയ്ക്ക് ഇതുവരെ അനുമതി ലഭിച്ചില്ല. മദ്രാസ് എൻജിനീയർ ഗ്രൂപ്പ് ഏതാനും ദിവസങ്ങളായി ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല. സേനയിലെ എൻജിനീയർമാർ നിലവിൽ കാഴ്ചക്കാരുടെ റോളിലാണ്. ദേശീയപാതാ അടിസ്ഥാന സൗകര്യ വികസന കോർപറേഷനും തുരങ്കം നിർമിച്ച സ്വകാര്യ കമ്പനിയുമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. രക്ഷാകുഴലെത്തിയാൽ തൊഴിലാളികൾ അതിലൂടെ പുറത്തേക്കിറങ്ങുക ചക്രവണ്ടിയിലായിരിക്കും. മലയാളികളുൾപ്പെട്ട കരസേനാ എൻജിനീയർമാരാണ് ഇതു നിർമിച്ചത്. ഒരാൾക്ക് കുനിഞ്ഞിരിക്കാനുള്ള ഇരിപ്പിടവും അതിനു താഴെ 4 ചക്രങ്ങളും ചേർന്നതാണു വണ്ടി.
തുരന്നിട്ടില്ലെന്ന് അദാനി
ഉത്തരാഖണ്ഡിൽ 41 നിർമാണത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തിന്റെ നിർമാണത്തിൽ പങ്കില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ടണൽ നിർമിക്കുന്ന കമ്പനിയിൽ നേരിട്ടോ പരോക്ഷമായോ ഓഹരി വാങ്ങിയിട്ടില്ലെന്നു കമ്പനി അറിയിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണത്തിനായിരുന്നു മറുപടി. നിർമാണക്കമ്പനിയിൽ അദാനിക്ക് ഓഹരിയുണ്ടോ എന്നായിരുന്നു സ്വാമിയുടെ ചോദ്യം.