ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ കെ.പൊൻമുടിക്കും (73) ഭാര്യ പി.വിശാലാക്ഷിക്കും (60) അനധികൃത സ്വത്തുകേസിൽ 3 വർഷം തടവും 50 ലക്ഷം രൂപ പിഴയും മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചു. മന്ത്രി എന്നതും ആരോഗ്യ കാരണങ്ങളും പരിഗണിച്ച് വിചാരണക്കോടതിയിൽ കീഴടങ്ങാൻ 30 ദിവസം അനുവദിച്ചു. ഇതിനിടെ അപ്പീൽ നൽകാം.  ജയിൽശിക്ഷ വിധിച്ചതോടെ പൊൻമുടിക്ക് മന്ത്രിസ്ഥാനവും എംഎൽഎ പദവിയും നഷ്ടമായി. വകുപ്പുകളുടെ ചുമതല പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി ആർ.എസ്.രാജകണ്ണപ്പനു കൈമാറി.

പ്രായവും ചികിത്സാകാരണങ്ങളും ചൂണ്ടിക്കാട്ടി വിശാലാക്ഷി ശിക്ഷാ ഇളവ് അഭ്യർഥിച്ചെങ്കിലും മേൽക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അടുത്തമാസം 2ന് അപ്പീൽ നൽകുമെന്ന് ഡിഎംകെ അറിയിച്ചു. 2006–2011 ഡിഎംകെ ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ, ധാതു വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പൊൻമുടി 1.75 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് 2011ലാണു വിജിലൻസ് കേസെടുത്തത്.

അപൂർവങ്ങളിൽ അപൂർവം ഹൈക്കോടതി നടപടി

∙ പൊൻമുടിയുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വെല്ലൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി (2016) സ്വമേധയാ പുനഃപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കടേശൻ തീരുമാനിച്ചത് അപൂർവങ്ങളിൽ അപൂർവമായ നടപടി. കീഴ്ക്കോടതിക്കു തെറ്റു പറ്റിയെന്ന കണ്ടെത്തലോടെയാണിപ്പോൾ ശിക്ഷാ വിധി. അജ്ഞാത സ്രോതസ്സുകളിലൂടെ പൊൻമുടി സമ്പാദിച്ച സ്വത്തുക്കൾ ഭാര്യയുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്ന് ഇന്നലെ വിധിപ്രഖ്യാപനത്തിൽ ജസ്റ്റിസ് ജി. ജയചന്ദ്രൻ വിലയിരുത്തി.

2006 ഏപ്രിലിൽ ദമ്പതികൾക്ക് 2.71 കോടി രൂപയായിരുന്നു ആസ്തി. 2010 മേയിൽ 6.27 കോടിയായി. 1.72 കോടി രൂപയുടെ ഉറവിടം തൃപ്തികരമായി വിശദീകരിക്കാൻ കഴിഞ്ഞില്ല. ജനുവരി 22നു വിഴുപ്പുറം കോടതിയിൽ കീഴടങ്ങണമെന്നും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികം തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

3 മന്ത്രിമാർക്ക് എതിരെകൂടി പുനർവിചാരണ

∙ അഴിമതിക്കേസുകളിൽ കീഴ്ക്കോടതി വിട്ടയച്ച 3 ഡിഎംകെ മന്ത്രിമാർ ഉൾപ്പെടെ 6 പേർ കുറ്റാരോപിതരായ കേസുകൾ കൂടി ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കുന്നു. ഗ്രാമവികസന മന്ത്രി ഐ. പെരിയസാമി, ധനമന്ത്രി തങ്കം തെന്നരശ്, റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ എന്നിവരുടെ വിചാരണ തുടങ്ങിക്കഴിഞ്ഞു. മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ വിമത നേതാവുമായ ഒ.പനീർസെൽവം, സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ബി.വളർമതി എന്നിവരുടെ കേസുകളും പുനഃപരിശോധിക്കുന്നു.

സെന്തിലിന് പിന്നാലെ

∙ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി 6 മാസമായി ജയിലിൽ കഴിയുന്നതിനിടെയാണു ഡിഎംകെയ്ക്ക് അടുത്ത തിരിച്ചടി. ശിക്ഷ വിധിക്കാത്തതിനാൽ സെന്തിലിനെ വകുപ്പില്ലാ മന്ത്രിയായി നിലനിർത്തിയിരിക്കുകയാണ്. പൊൻമുടി പുറത്തായതോടെ ഇനി മന്ത്രിസഭാംഗങ്ങൾ 34. 

പുറത്താകുന്ന മൂന്നാം തമിഴ്നാട് മന്ത്രി

അഴിമതിക്കേസിൽ പുറത്താകുന്ന ആദ്യ ഡിഎംകെ മന്ത്രിയാണു പൊൻമുടി. ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ മന്ത്രി സ്ഥാനത്തു നിന്നു പുറത്താകുന്ന മൂന്നാമത്തെയാളും. മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ജയലളിത (സ്വത്തുകേസ്), അണ്ണാ ഡിഎംകെ മുൻമന്ത്രി ബാലകൃഷ്ണ റെഡ്ഡി (കലാപക്കേസ്) എന്നിവരാണു മറ്റുള്ളവർ.

English Summary:

Property case: Tamil Nadu minister K Ponmudi and wife jailed for 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com