രണ്ടു വിദ്യാർഥികളുടെ കൊലപാതകം: പ്രതിഷേധം; മണിപ്പുരിൽ ബിജെപി ഓഫിസിന് തീയിട്ടു

Mail This Article
കൊൽക്കത്ത ∙ രണ്ടു വിദ്യാർഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇംഫാലിൽ വിദ്യാർഥിസമരം രണ്ടാം ദിവസം പിന്നിട്ടു. പ്രതിഷേധക്കാർ തൗബാലിൽ ബിജെപി ഓഫിസിനു തീയിട്ടു. മുഖ്യമന്ത്രിയുടെ വസതിക്കുമുൻപിൽ പൊലീസുമായി ഏറ്റുമുട്ടി. ഇംഫാൽ താഴ്‌വരയെ ഒഴിവാക്കി മണിപ്പുരിലെ മറ്റു പ്രദേശങ്ങളെ പ്രശ്നബാധിതപ്രദേശങ്ങളായി സർക്കാർ വീണ്ടും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പ്രത്യേക സൈനികാധികാരനിയമത്തിന് (അഫ്സ്പ) അടുത്ത ആറു മാസംകൂടി പ്രാബല്യമുണ്ടാകും.
ഇംഫാൽ താഴ്‌വരയിലെ 19 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനം മുഴുവൻ പ്രശ്നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചാണു സർക്കാർ വിജ്ഞാപനം. ഇംഫാൽ നഗരം, കലാപത്തിന്റെ പ്രധാനകേന്ദ്രമായ ബിഷ്ണുപുർ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. ഫലത്തിൽ മെയ്തെയ് ഭൂരിപക്ഷ പ്രദേശങ്ങൾ പ്രശ്നബാധിത പ്രദേശങ്ങളല്ല.
കുക്കികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന കുന്നിൻമേഖലകളിൽ അഫ്സ്പ തുടരും. വാറന്റില്ലാതെ വീടുകളിൽ കയറി തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരം നല്കുന്നതാണ് പ്രത്യേക സൈനികാധികാരനിയമം.
English Summary: Protests continue in Manipur