ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വരവേൽക്കാൻ പുതിയ കീഴ്‌വഴക്കത്തിനു നയപ്രഖ്യാപന പ്രസംഗവേദി സാക്ഷിയായി. പാർലമെന്റിൽ സ്ഥാപിച്ച ‘ചെങ്കോൽ’ മുൻപിൽ പിടിച്ചാണ് രാഷ്ട്രപതിയെ സഭയിലേക്ക് ആനയിച്ചത്. ഇതാദ്യമായി ഗാലറിയിൽ രാഷ്ട്രപതിയുടെ ബാൻഡിന്റെ തൽസമയ ദേശീയഗാനവും ഉണ്ടായിരുന്നു. സാധാരണ റിക്കോർഡ് ചെയ്ത ഗാനമാണ് കേൾപ്പിക്കാറുള്ളത്.

രാഷ്ട്രപതിയെ സ്വീകരിച്ചപ്പോഴും പ്രസംഗപീഠത്തിലേക്ക് ആനയിച്ചപ്പോഴും മടങ്ങുമ്പോഴും സ്പീക്കറുടെ മുഖ്യ മാർഷൽ രാജീവ് ശർമ ചെങ്കോലുമായി മുൻപിൽ നടന്നു. പാദരക്ഷകൾ ഊരിമാറ്റിയാണ് ചെങ്കോൽ പിടിച്ചത്. ബിജെപി അംഗങ്ങൾ ചെങ്കോലിനെ വണങ്ങിയപ്പോൾ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചു ചിരിച്ചു. 

രാഷ്ട്രപതിയുടെ പ്രസംഗപീഠത്തിനു മുൻപിലുണ്ടായിരുന്ന ലോക്സഭാ സെക്രട്ടറി ജനറലിന്റെ കസേര മാറ്റി അവിടെയാണു ചെങ്കോൽ വച്ചത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. കുതിരകൾ വലിക്കുന്ന ബഗ്ഗിയിലാണ് ദ്രൗപദി മുർമു പാർലമെന്റിലെത്തിയത്.

ജയ് ശ്രീരാം വിളികളും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൈവരിച്ചെന്നു രാഷ്ട്രപതി പറഞ്ഞപ്പോൾ കോൺഗ്രസ് അംഗം ടി.എൻ.പ്രതാപൻ, ‘മണിപ്പുർ പറഞ്ഞില്ല’ എന്നു 2 തവണ വിളിച്ചു പറഞ്ഞതൊഴിച്ചാൽ പ്രതിപക്ഷം നിശ്ശബ്ദരായാണു നയപ്രഖ്യാപന പ്രസംഗം ശ്രവിച്ചത്. അതേസമയം, ബിജെപി അംഗങ്ങൾ ഡെസ്കിലടിച്ചു പിന്തുണ അറിയിച്ചു. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെയും ഒഡിയ കവി ഉത്കൽമണി ഗോപാൽബന്ധു ദാസിന്റെയും കവിതാശകലങ്ങൾ പ്രസംഗത്തിൽ ഉദ്ധരിച്ചു.

രാമക്ഷേത്രമടക്കം ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങൾ സർക്കാർ നടപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സഭയിലേക്കു വന്നപ്പോഴും പ്രസംഗത്തിൽ 3 തവണ രാമക്ഷേത്രത്തെപ്പറ്റി പരാമർശിച്ചപ്പോഴും ഭരണകക്ഷി അംഗങ്ങൾ ‘ജയ് ശ്രീരാം’ വിളിച്ചു. ചരിത്രം മാറ്റിമറിക്കുന്ന ദിവസമായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്ന ജനുവരി 22. ജനങ്ങളുടെ ഇച്ഛയുടെയും വിശ്വാസത്തിന്റെയും പൂർണതയാണ് രാമക്ഷേത്രത്തിലൂടെ കൈവന്നിരിക്കുന്നത്. 500 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് രാം ലല്ല രാമക്ഷേത്രത്തിൽ പ്രവേശിച്ചത് – ദ്രൗപദി മുർമു പറഞ്ഞു.

സന്ദർശകർക്ക് അനുമതി

ന്യൂഡൽഹി ∙ 58 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ ഇന്നലെ പാർ‌ലമെന്റ് സന്ദർശക ഗാലറിയിലുണ്ടായിരുന്നു. കഴിഞ്ഞ സമ്മേളനകാലത്തു നടന്ന പുകയാക്രമണത്തിനു ശേഷം സന്ദർശകർക്കു വിലക്കുണ്ടായിരുന്നെങ്കിലും ഇന്നലെ 4–ാം നമ്പർ ഗാലറിയിൽ ചിലർക്കു പ്രവേശനം അനുവദിച്ചു. മാധ്യമങ്ങളുടേതടക്കം എല്ലാ ഗാലറികളുടെയും മുൻനിരയിലെ സീറ്റുകൾ നീക്കി. മുൻനിരയിലിരുന്നവരാണ് കഴിഞ്ഞതവണ സഭാതലത്തിലേക്കു ചാടി പുകക്കുറ്റികൾ കത്തിച്ചത്. 

English Summary:

President Draupadi Murmu who arrived for the policy announcement was received by holding sengol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com