ADVERTISEMENT

ന്യൂഡൽഹി ∙ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളെ രാജ്യത്തിന്റെ ടൂറിസം മാപ്പിൽ മുൻനിരയിലെത്തിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നു കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിൽ പ്രഖ്യാപനം. കപ്പൽ സഞ്ചാര പദ്ധതികളും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും ദ്വീപുകളിൽ ഒരുക്കുമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇതു തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ മാലദ്വീപുമായുണ്ടായ നയതന്ത്ര പ്രശ്നങ്ങളും ലക്ഷദ്വീപിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കു വർധിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണു രാജ്യത്തെ ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര വികസനത്തിനു കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നതെന്നതു ശ്രദ്ധേയം.

ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള വിവിധ സമ്മേളനങ്ങൾ രാജ്യത്തെ 60 സ്ഥലങ്ങളിൽ നടത്തിയതു രാജ്യാന്തര തലത്തിൽ നേട്ടമായെന്നും ബിസിനസ്, കോൺഫറൻസ് ടൂറിസം രംഗത്തെ മികച്ച ഇടമായി ഇന്ത്യ മാറിയെന്നും രാജ്യത്തെ ഇടത്തരം കുടുംബങ്ങളും യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ കാണാനും താൽപര്യപ്പെടുന്നുവെന്നും ബജറ്റിൽ പറയുന്നു. ആധ്യാത്മിക വിനോദസഞ്ചാരത്തിന് ഉൾപ്പെടെ വലിയ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.

സംസ്ഥാനങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സമഗ്രവികസനത്തിനു പദ്ധതി ആവിഷ്കരിക്കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യാന്തര തലത്തിൽ ഇവയെ ബ്രാൻഡ് ചെയ്യാനും പ്രചാരണം നടത്താനും പ്രോത്സാഹിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ വിലയിരുത്താൻ ചട്ടക്കൂട് ആവിഷ്കരിക്കും. ഇത്തരത്തിലുള്ള വികസന പദ്ധതികൾക്കുള്ള ദീർഘകാല പലിശരഹിത വായ്പ സംസ്ഥാനങ്ങൾക്കു നൽകുമെന്നും പ്രഖ്യാപനമുണ്ട്.

വൻ അവസരം; പക്ഷേ, സമഗ്ര പദ്ധതി വേണം

കൊച്ചി ∙ ടൂറിസം രംഗത്ത് മുദ്രപതിപ്പിച്ച കേന്ദ്രങ്ങളുടെ വികസനത്തിനു പലിശ രഹിത വായ്പ നൽകുമെന്ന പ്രഖ്യാപനം കേരളത്തിനു നേട്ടമാവും. കോവളം, കുമരകം, തേക്കടി, ഫോർട്ട് കൊച്ചി, മൂന്നാർ, വർക്കല, വയനാട് എന്നിങ്ങനെ പതിറ്റാണ്ടുകളായി പ്രശസ്തമായതും എന്നാൽ അസൗകര്യങ്ങളും പരിമിതികളും ഏറെയുള്ളതുമായ കേന്ദ്രങ്ങളാണ് ഇവയെല്ലാം.

ടൂറിസം കേന്ദ്രങ്ങളിലെ കണക്ടിവിറ്റി, സഞ്ചാരസൗകര്യങ്ങൾ, ബ്രാൻഡിങ്, നിലവാര വർധന, തൊഴിലവസര സൃഷ്ടി എന്നിവയ്ക്കാണു ധനസഹായം.

കേരളത്തിൽ മുസിരിസ് പദ്ധതിക്കാണു മുൻപ് 400 കോടി അനുവദിച്ചത്. മുസിരിസ് വികസിപ്പിച്ചെങ്കിലും അവിടേക്കു സഞ്ചാരികളെ ആകർഷിക്കാനുള്ള സംവിധാനം ഉണ്ടായില്ല. പിന്നീട് സ്പൈസ് റൂട്ട് എന്ന പദ്ധതിക്ക് 800 കോടി അനുവദിച്ചിരുന്നു. ആദ്യം 200 കോടി ലഭിച്ചു. ബാക്കി തുക വാങ്ങിയെടുത്തതുമില്ല.

ആധ്യാത്മിക ടൂറിസത്തിനും ബജറ്റിൽ പദ്ധതിയുണ്ട്. കേരളം വളരെ പ്രയോജനപ്പെടുത്തിയ ഫണ്ടാണിത്. ഗുരുവായൂർ, ശബരിമല, ശിവഗിരി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾക്കു പ്രസാദം പദ്ധതിയിൽ ധനസഹായം ലഭിക്കുകയും അതു ചെലവഴിച്ചു സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ഇനിയും കൂടുതൽ കേന്ദ്രങ്ങൾക്കു ധനസഹായം ലഭിക്കും. ബ്രാൻഡിങ്ങിനു ഫണ്ട് ലഭിക്കുന്നതു വഴി പരസ്യ പ്രചാരണത്തിനു കൂടുതൽ തുക ചെലവഴിക്കാൻ പറ്റും.

പ്രകൃതിക്കൊപ്പം വേണം ലക്ഷദ്വീപ് വികസനം

ലക്ഷദ്വീപ സമൂഹങ്ങളിലെ ബംഗാരം ദ്വീപിൽ 20 വർഷം റിസോർട്ട് നടത്തിയ പരിചയം വച്ചു പറയട്ടെ, അവിടത്തെ പരിസ്ഥിതിയെയും പ്രാദേശിക സമൂഹത്തെയും കരുതലോടെ വേണം സമീപിക്കാൻ. മാലദ്വീപ് മോഡലിൽ വൻ തോതിലുള്ള ആഡംബര ടൂറിസമല്ല ലക്ഷദ്വീപിനു വേണ്ടത്. 

സിജിഎച്ച് എർത്ത് ഗ്രൂപ്പിന്റെ 30 മുറികളുള്ള റിസോർട്ടിൽ ആഡംബരങ്ങൾ പരമാവധി കുറച്ചു പ്രകൃതിയെ മുറിവേൽപ്പിക്കാതെയായിരുന്നു പ്രവർത്തനം. ഓല മേഞ്ഞ കുടിലുകളിലായിരുന്നു മുറികളൊരുക്കിയത്. എസി ഇല്ല, വാട്ടർ ഹീറ്റർ ഇല്ല. കാരണം വൈദ്യുതി പരിമിതമായിരുന്നു. വൻ ജനറേറ്റർ ഉപയോഗിക്കുന്നത് ഒഴിവാക്കി. ലൈറ്റിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും മാത്രം വൈദ്യുതി ഉപയോഗിച്ചു.  ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയായിട്ടാണ് അതു കരുതപ്പെട്ടത്. ആഡംബരം മോഹിച്ചല്ല, പ്രകൃതി സംരക്ഷണത്തെ വിലമതിക്കുന്ന സഞ്ചാരികളാണ് അവിടെ എത്തിയിരുന്നതും. 20 വർഷത്തെ പാട്ടക്കരാർ കഴിഞ്ഞതോടെ 2008 ൽ റിസോർട്ട് സർക്കാരിനു കൈമാറി.

ബജറ്റിലെ ലക്ഷദ്വീപ് വികസന പദ്ധതിയെ സ്വാഗതം ചെയ്യുന്നു. പക്ഷേ, അവിടെ വൻ തോതിൽ മൂലധനം വന്നിറങ്ങി കോൺക്രീറ്റ് സൗധങ്ങൾ ഒട്ടേറെ നിലകളിലായി ഉയർത്തുന്നതിനോടു യോജിപ്പില്ല. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഒന്നോ രണ്ടോ നിലകളിലായിരിക്കണം റിസോർട്ടുകൾ. മാലദ്വീപിന്റെ അനുകരണമല്ല അതിനു ബദലായി മാറാവുന്ന വികസനമാണു ലക്ഷദ്വീപിൽ വേണ്ടത്. സുസ്ഥിര വികസനത്തിനു ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റാനുള്ള അവസരമാണു കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ കാത്തിരിക്കുന്നത്. - മൈക്കിൾ ഡൊമിനിക് സിഇഒ, സിജിഎച്ച് എർത്ത് ഗ്രൂപ്പ്

English Summary:

Central Government announced in Union budget that plans to bring islands including Lakshadweep to forefront of country's tourism map

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com