കോൺഗ്രസിനെ കടന്നാക്രമിച്ച് മമത; ആടിയുലഞ്ഞ് ‘ഇന്ത്യ’

Mail This Article
ന്യൂഡൽഹി∙ ബിജെപിയെ വീഴ്ത്താൻ ലക്ഷ്യമിട്ടു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കാൻ മുന്നിൽനിന്ന കോൺഗ്രസും തൃണമൂലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും അകലുന്നു. സീറ്റ് വിഭജനത്തിന്റെ പേരിൽ ആരംഭിച്ച അഭിപ്രായവ്യത്യാസം വലിയ തർക്കത്തിലേക്കു വഴിമാറിയതോടെ, ബംഗാളിൽ മുന്നണി ആടിയുലയുന്നു. വാക്പോരിൽ കോൺഗ്രസ് പരമാവധി സംയമനം പാലിക്കുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ ഉൾപ്പെടെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തിറങ്ങി. മുന്നണി രൂപീകരണവേളയിൽ രാഹുലുമായി ഊഷ്മളബന്ധം നിലനിർത്തിയ മമത തന്നെ അദ്ദേഹത്തെ കടന്നാക്രമിച്ചതു കോൺഗ്രസിനെ ഞെട്ടിച്ചു. ചർച്ച നടക്കുകയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കഴിഞ്ഞദിവസം രാഹുൽ വ്യക്തമാക്കിയെങ്കിലും മമതയുടെ രൂക്ഷപ്രതികരണത്തോടെ അതിനുള്ള സാധ്യത അകലെയായി.
മമതയുടെ വാക്കുകൾ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 300ൽ കോൺഗ്രസിനു 40 സീറ്റ് പോലും ലഭിക്കില്ല. രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര വെറും ഫോട്ടോ എടുക്കാനുള്ള യാത്രയാണ്. ദേശാടനക്കിളിയെ പോലെയാണ് അദ്ദേഹം ബംഗാളിലെത്തുന്നത്. കോൺഗ്രസിനു ധൈര്യമുണ്ടെങ്കിൽ യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ തോൽപിക്കൂ. ബംഗാളിൽ 2 സീറ്റ് കൊടുക്കാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഇനി അവർ 42 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കട്ടെ.
മമതയെ പ്രകോപിപ്പിച്ചത് : ഇടതുകക്ഷികളുമായി കൈകോർക്കാനുള്ള കോൺഗ്രസ് തീരുമാനം. മുസ്‌ലിം വോട്ടുകളും ബിജെപി വിരുദ്ധ വോട്ടുകളും ഭിന്നിക്കാൻ ഇതു വഴിയൊരുക്കുമെന്ന് തൃണമൂലിന് ആശങ്ക. സഖ്യകാര്യങ്ങൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി കൈകാര്യം ചെയ്തതും മമതയെ ചൊടിപ്പിച്ചു. 2 സീറ്റ് തൃണമൂൽ വാഗ്ദാനം ചെയ്തപ്പോൾ കോൺഗ്രസ് ആവശ്യപ്പെട്ടത് 8 സീറ്റ്.
കോൺഗ്രസ് നീക്കം: തൃണമൂലുമായി സഖ്യം സാധ്യമായില്ലെങ്കിലും പരമാവധി 8 – 10 സീറ്റിൽ മത്സരിച്ചാൽ മതിയെന്നാണു തീരുമാനം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതു തടയുക ലക്ഷ്യം.
ന്യായ് യാത്ര: വിവരങ്ങൾ അറിയിച്ചില്ലെന്ന് അഖിലേഷ്
ന്യൂഡൽഹി∙ ന്യായ് യാത്രയുടെ വിവരങ്ങൾ കോൺഗ്രസ് നൽകിയില്ലെന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഈയാഴ്ച യാത്ര ഉത്തർപ്രദേശിലേക്കു കടക്കാനിരിക്കെയാണ് ‘ഇന്ത്യ’ മുന്നണിയിലെ മറ്റൊരു നേതാവും കോൺഗ്രസിനെ വിമർശിക്കുന്നത്. നേരത്തേ, മമതയും ഇതേ ആരോപണം ഉയർത്തിയിരുന്നു. യുപി യാത്രയുടെ സമയക്രമം ആയിട്ടില്ലെന്നും തീരുമാനിക്കുന്ന മുറയ്ക്കു മുന്നണിയിലെ എല്ലാ കക്ഷികളെയും അറിയിക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു.
ഒഡീഷ: കോൺഗ്രസ് സ്ഥാനാർഥിയാകാൻ ഓൺലൈൻ അപേക്ഷ
ഭുവനേശ്വർ ∙ ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിന് പോർട്ടലിലൂടെ അപേക്ഷ നൽകണം. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കേണ്ട pragaman.in പോർട്ടൽ എഐസിസി ഇൻ–ചാർജ് അജോയ്കുമാർ പ്രകാശനം ചെയ്തു.