മണിപ്പുരിൽ പൊലീസിനെ ആക്രമിച്ച് ആയുധക്കവർച്ച വീണ്ടും; ഒരാൾ കൊല്ലപ്പെട്ടു

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ ഇന്ത്യ റിസർവ് ബറ്റാലിയന്റെ ആയുധപ്പുര ആക്രമിച്ച് ജനക്കൂട്ടം ആയുധങ്ങൾ കവർന്നു. ഇതിനിടെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് ജനക്കൂട്ടം ഐആർബിയുടെ 5, 6 ബറ്റാലിയനുകൾ ആക്രമിച്ചത്.
അഞ്ചാം ബറ്റാലിയന്റെ ആയുധപ്പുരയിൽ നിന്ന് 6 എകെ 47 തോക്കുകൾ ഉൾപ്പെടെ പതിനഞ്ചോളം തോക്കുകളാണ് കവർന്നത്. ഇരുനൂറോളം തോക്കുകൾ തട്ടിയെടുത്തെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 20,000 വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ ചെറുത്തുനിൽപ് പേരിനു മാത്രമായിരുന്നുവെന്നും അക്രമികൾക്ക് പൊലീസ് സഹായം ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.
മണിപ്പുർ പൊലീസിനു കീഴിലുള്ള ഐആർബിയുടെ ആറാം ബറ്റാലിയനു നേരെ രാത്രി 10 മണിയോടെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണം നടന്നത്. തുടർന്നുള്ള വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ആറാം ബറ്റാലിയനിൽ ആയുധങ്ങൾ കവർന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മെയ്തെയ് സായുധ സംഘങ്ങളാണ് ഇംഫാൽ താഴ്വരയിലെ 2 ആക്രമണങ്ങൾക്കും പിന്നിൽ. മണിപ്പുർ പൊലീസ് ട്രെയ്നിങ് സെന്ററിൽ നിന്ന് ആയുധങ്ങൾ കവരാൻ ശ്രമിച്ചെങ്കിലും കേന്ദ്ര സേന ചെറുത്തു.
ക്രമസമാധാനം തകർന്ന മണിപ്പുരിൽ സായുധസംഘങ്ങളുടെ ഭരണമാണ് നടക്കുന്നത്. ഇംഫാലിലെ പ്രധാന നിരത്തുകളിൽ കൂടി റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളുമായി സായുധ മെയ്തെയ് സംഘങ്ങൾ തുറന്ന ജീപ്പിൽ പരേഡ് നടത്തുകയാണ്. ഇതുവരെ ഏഴായിരത്തോളം തോക്കുകളാണ് കവർന്നത്. ഇതിൽ 1000 എണ്ണം മാത്രമാണ് തിരികെ കിട്ടിയത്.
മെയ്തെയ് ഭൂരിപക്ഷ ഇംഫാൽ ഈസ്റ്റിന്റെയും കുക്കി ഭൂരിപക്ഷ കാങ്പോക്പിയുടെയും അതിർത്തിയിൽ കനത്ത വെടിവയ്പ് ഒരാഴ്ചയായി തുടരുകയാണ്. കുക്കി ഗോത്രമേഖലകളിലേക്കുള്ള വൈദ്യുതി ലൈനുകളും തകർക്കപ്പെട്ടിട്ടുണ്ട്.
1961നു ശേഷം കൂടിയേറിയവരെ പുറത്താക്കും
കൊൽക്കത്ത ∙ മണിപ്പുരിൽ 1961നു ശേഷം കൂടിയേറിയവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. മതമോ, വംശമോ നോക്കാതെ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതു പ്രായോഗികമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങൾ ഇവരെ പൗരൻമാരായി അംഗീകരിച്ചില്ലെങ്കിൽ പുറത്താക്കുന്നത് പ്രായോഗികമല്ല.