‘‘നിങ്ങൾ ഇല്ലാതെ എന്റെ കുടുംബം പൂർത്തിയാവില്ല’’: റായ്ബറേലിയിലെ ജനങ്ങൾക്ക് സോണിയയുടെ വിടവാങ്ങൽ കത്ത്

Mail This Article
ന്യൂഡൽഹി ∙ എക്കാലവും നൽകിയ സ്നേഹത്തിനു നന്ദി പറഞ്ഞും തനിക്കും കുടുംബാംഗങ്ങൾക്കും തുടർന്നും പിന്തുണ നൽകണമെന്നഭ്യർഥിച്ചും റായ്ബറേലി മണ്ഡലത്തിലെ ജനങ്ങൾക്കു സോണിയ ഗാന്ധിയുടെ തുറന്ന കത്ത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് രാജ്യസഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ദീർഘകാലം പ്രതിനിധീകരിച്ച മണ്ഡലത്തിലെ ജനങ്ങൾക്കു സോണിയ വികാരനിർഭരമായ കത്തെഴുതിയത്. തന്റെ കുടുംബത്തിനുള്ള പിന്തുണ തുടരണമെന്ന അഭ്യർഥന, പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്നതിന്റെ സൂചന കൂടിയാണ്.
കത്തിൽ നിന്ന്: ‘ഞാൻ ഇന്ന് എന്തെല്ലാമാണോ അതെല്ലാം നിങ്ങൾ കാരണമാണെന്ന് അഭിമാനത്തോടെ ഞാൻ പറയും. നിങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആരോഗ്യവും പ്രായവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എങ്കിലും എന്റെ ഹൃദയവും മനസ്സും എക്കാലവും നിങ്ങൾക്കൊപ്പമായിരിക്കും.
എനിക്കൊപ്പം നിന്ന പോലെ എന്റെ കുടുംബാംഗങ്ങൾക്കൊപ്പവും നിങ്ങൾ നിൽക്കുമെന്ന് എനിക്കറിയാം. നിങ്ങളില്ലാതെ എന്റെ കുടുംബം പൂർത്തിയാവില്ല. റായ്ബറേലിയുമായി ഗാന്ധി കുടുംബത്തിനുള്ള ബന്ധം വളരെ ആഴമേറിയതാണ്. ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്കിടയിൽ നമുക്കിടയിലെ വിശ്വാസം വളർന്നു. ഭർതൃമാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ടാണ് ഞാൻ നിങ്ങൾക്കരികിലേക്കു വന്നത്. തുറന്ന കൈകളോടെ നിങ്ങൾ എന്നെ സ്വീകരിച്ചു’ – സോണിയ പറഞ്ഞു.