ഉത്തർപ്രദേശിൽ ‘ഇന്ത്യ’ ഒത്തുപിടിച്ചാൽ വാടുമോ താമര? നിർണായകമായത് പ്രിയങ്കയുടെ ഇടപെടൽ

Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ കൈകോർത്തതോടെ ബിജെപിയുടെ തേരോട്ടത്തിനു തടയിടാനാകുമെന്നു സമാജ്‌വാദി പാർട്ടി (എസ്പി) – കോൺഗ്രസ് സഖ്യം പ്രതീക്ഷിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ലോക്സഭാ സീറ്റുള്ള (80) സംസ്ഥാനത്ത് ബിജെപിയെ പിടിച്ചുനിർത്താനായാൽ ദേശീയതലത്തിൽ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ കരുത്തുയരും. അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കിയതിന്റെ പെരുമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായയും ചേർന്ന ബിജെപി രാഷ്ട്രീയമായി വൻ ശക്തിയാണെങ്കിലും ഒത്തുപിടിച്ചാൽ അവരുടെ സീറ്റെണ്ണം പരമാവധി കുറയ്ക്കാമെന്നാണു പ്രതിപക്ഷ സഖ്യത്തിന്റെ കണക്കുകൂട്ടൽ.

∙കൈവിട്ട സഖ്യം തിരിച്ചുപിടിച്ചത് എങ്ങനെ?
ഒരുഘട്ടത്തിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ എസ്പിയുമായി സഖ്യം യാഥാർഥ്യമാക്കുന്നതിൽ പ്രിയങ്ക ഗാന്ധി നിർണായക പങ്കുവഹിച്ചു. എസ്പി നേതാവ് അഖിലേഷ് യാദവുമായി സംസാരിച്ച പ്രിയങ്ക ഇരുകക്ഷികളും ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസുമായി സഖ്യം ആവശ്യമാണെന്ന യാഥാർഥ്യം ഉൾക്കൊണ്ട അഖിലേഷ് കൈകൊടുത്തു. അപ്പോഴും സീറ്റ് വിഭജനം സംബന്ധിച്ച തർക്കം തുടർന്നു. 22 സീറ്റ് വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകം ഉറച്ചുനിന്നു. പ്രശ്നപരിഹാരത്തിനായി ഇടപെട്ട കോൺഗ്രസ് ഹൈക്കമാൻഡ് 17 സീറ്റിൽ തൃപ്തിയറിയിച്ച് സഖ്യമുറപ്പിച്ചു. യുപിയിൽ ഈ മാസം 27നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ആദ്യ പരീക്ഷണമാകും. 3 സീറ്റ് ജയിക്കാൻ എസ്പിക്ക് 111 വോട്ട് വേണം. നിലവിൽ അവർക്ക് 108 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 2; സഖ്യത്തിന്റെ ഭാഗമായ അപ്നാദളിന് (കമെരാവാദി വിഭാഗം) 1 – എല്ലാം ചേരുമ്പോൾ ജയമുറപ്പിക്കാനുള്ള കൃത്യം വോട്ട്.

∙കണക്കുകൂട്ടി സഖ്യം; വെട്ടാൻ മായാവതി
ഒബിസി, മുസ്‌ലിം വോട്ടർമാരെയാണു പ്രതിപക്ഷ സഖ്യം പ്രധാനമായും ലക്ഷ്യമിടുന്നത്. എസ്പി ഇതുവരെ പ്രഖ്യാപിച്ച 32 സ്ഥാനാർഥികളിൽ ഭൂരിപക്ഷവും ഒബിസി വിഭാഗക്കാരാണ്. യുപിയിൽ മുസ്‌ലിംകൾക്കു നിർണായക സ്വാധീനമുള്ള 24 മണ്ഡലങ്ങളിൽ ബിജെപിയെ മലർത്തിയടിക്കാമെന്നാണു കണക്കുകൂട്ടൽ. എന്നാൽ, ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ച മായാവതിയുടെ ബിഎസ്പി ഈ മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയാൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കും; ത്രികോണ പോരാട്ടത്തിൽ ബിജെപി നേട്ടമുണ്ടാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും സഖ്യത്തിൽ മത്സരിക്കുകയും കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുകയും ചെയ്തപ്പോൾ മുസ്‍ലിം വോട്ടുകൾ ചിതറിപ്പോയിരുന്നു. മുസ്‍ലിം ഭൂരിപക്ഷ സീറ്റുകളിലെല്ലാം അന്ന് ബിജെപി ജയിച്ചു.
∙വോട്ട് കൈമാറുമോ
സഖ്യമുണ്ടാക്കിയെങ്കിലും പരസ്പരം വോട്ട് കൈമാറുന്നതിൽ എസ്പിക്കും കോൺഗ്രസിനും എത്രത്തോളം സാധിക്കുമെന്നതും നിർണായകമാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും സഖ്യമുണ്ടാക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു; പരസ്പരം വോട്ട് കൈമാറാൻ ഇരുകക്ഷികൾക്കും സാധിച്ചില്ല. സമാന സ്ഥിതി ആവർത്തിക്കാതിരിക്കാൻ താഴെത്തട്ടിൽ പരസ്പരവിശ്വാസവും സഹകരണവും ഉറപ്പാക്കേണ്ടി വരും.
∙യാദവ പിന്തുണ തിരിച്ചുപിടിക്കാൻ എസ്പി
പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്ക് ആയ യാദവരുടെ പൂർണ പിന്തുണ നഷ്ടമായത് സംസ്ഥാനത്ത് എസ്പിയുടെ കരുത്തു ചോർത്തിയിട്ടുണ്ട്. ജാതിരാഷ്ട്രീയത്തിനപ്പുറം ഹിന്ദു വോട്ട് ഏകീകരണം ഉറപ്പാക്കിയുള്ള ബിജെപിയുടെ വിജയ ഫോർമുല മറികടക്കാൻ എസ്പിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ദേശീയ ജനറൽ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യയടക്കം പാർട്ടി വിട്ടതും തലവേദനയാണ്. അതേസമയം, ഇളയച്ഛൻ ശിവ്പാൽ യാദവ് ഇക്കുറി ഒപ്പമുള്ളത് അഖിലേഷിന്റെ ആത്മവിശ്വാസമുയർത്തും. ഇറ്റാവ – മെയിൻപുരി മേഖലയിലെ ഏതാനും സീറ്റുകളിൽ ശിവ്പാലിനു നിർണായക സ്വാധീനം ചെലുത്താനാകുമെന്നാണു പ്രതീക്ഷ.

ഡാനിഷ് അലി കോൺഗ്രസിലേക്ക്
ബിഎസ്പിയിൽനിന്നു പുറത്തായ അംറോഹ എംപി: ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നേക്കും. ഇന്ന് അംറോഹയിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അദ്ദേഹം അണിചേരും. എസ്പിയുമായുള്ള ധാരണപ്രകാരം അംറോഹ സീറ്റ് കോൺഗ്രസിനാണ്. അവിടെ ഡാനിഷ് അലി സ്ഥാനാർഥിയാകും.

രാഹുൽ, പ്രിയങ്ക ഇറങ്ങുമോ
അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന കോൺഗ്രസ് നേതൃത്വം ശക്തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കഴിഞ്ഞദിവസം അമേഠിയിലെത്തിയ രാഹുലിനു ലഭിച്ച വൻ സ്വീകരണം അദ്ദേഹത്തിന്റെ ജനപ്രീതിക്കുള്ള തെളിവായി പാർട്ടി ചൂണ്ടിക്കാട്ടുന്നു. റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക എത്തണമെന്നാണ് ആവശ്യം.