പാക്കിസ്ഥാനിലേക്ക് ചൈനയുടെ ‘ആണവ കാർഗോ’; തടഞ്ഞ് ഇന്ത്യ

Mail This Article
മുംബൈ ∙ പാക്ക് ആണവ പദ്ധതിക്കുള്ള ഉപകരണങ്ങളെന്നു സംശയിക്കുന്ന 22,180 കിലോ ചരക്കുമായി ചൈനയിൽ നിന്നു കറാച്ചിയിലേക്കു പുറപ്പെട്ട കപ്പൽ മുംബൈ നാവസേവ തുറമുഖത്ത് ജനുവരി 23 മുതൽ തടഞ്ഞുവച്ചിരിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി. ആണവ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കുന്ന ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീനുകൾ ഉൾപ്പെടെയാണ് ‘സിഎംഎ സിജിഎം ആറ്റില’ എന്ന കപ്പലിൽ ഉള്ളത്. യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ പതാകയാണു കപ്പലിലെന്നും തുറമുഖ അധികൃതർ ‘ദ് വീക്ക്’ മാഗസിനോടു പറഞ്ഞു.
ചൈനയിലെ ഷെകൗ തുറമുഖത്തു നിന്നു കയറ്റിയ ചരക്കുമായാണു കപ്പൽ മുംബൈയിലെത്തിയത്. ചരക്ക് ഓർഡർ ചെയ്തത് സിയാൽകോട്ടിലെ ‘പാക്കിസ്ഥാൻ വിങ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നും എത്തിച്ചുനൽകുന്നത് ‘ഷാങ്ഹായ് ജെഎക്സ്ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് കോ ലിമിറ്റഡ്’ എന്നും ബില്ലിൽ കണ്ടപ്പോൾ കസ്റ്റംസിന് സംശയം തോന്നുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ ചരക്ക് തൈയുവാൻ മൈനിങ് ഇംപോർട് ആൻഡ് എക്സ്പോർട്ട് കമ്പനിയിൽ നിന്നാണെന്നും ഇത് പാക്കിസ്ഥാനിലെ കോസ്മോസ് എൻജിനീയറിങ്ങിനു വേണ്ടിയാണെന്നും സ്ഥിരീകരിച്ചതായും ഉന്നത അധികൃതർ പറഞ്ഞു. ചൈനയിലെ ഷാൻഷി പ്രവിശ്യയിലെ മുഖ്യനഗരമാണു തൈയുവാൻ. പാക്ക് പ്രതിരോധവകുപ്പുമായി ബന്ധമുള്ള കമ്പനിയാണു കോസ്മോസ്. 2022 മാർച്ച് 12 ന് ഈ കമ്പനിയിലേക്ക് തെർമോ ഇലക്ട്രിക് ഉപകരണങ്ങളുമായി എത്തിയ കപ്പലും ഇന്ത്യ നാവസേവയിൽ തടഞ്ഞിരുന്നു.