റോഡ് ഷോയ്ക്ക് കുട്ടികൾ; തമിഴ്നാട്ടിൽ കേസ്
Mail This Article
കോയമ്പത്തൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ വിദ്യാർഥികളെ എത്തിച്ച സംഭവം വിവാദമായതിനെത്തുടർന്നു തമിഴ്നാട്ടിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തു. തിങ്കൾ വൈകിട്ടാണു ശ്രീ സായിബാബ എയ്ഡഡ് യുപി സ്കൂളിലെ നാൽപതോളം വിദ്യാർഥികളെ റോഡ് ഷോ തുടങ്ങുന്ന സ്ഥലത്ത് എത്തിച്ചത്. കലക്ടർ ക്രാന്തി കുമാർ പാഡി കോയമ്പത്തൂർ ചീഫ് എജ്യുക്കേഷനൽ ഓഫിസർ (സിഇഒ), ജില്ലാ ലേബർ ഓഫിസർ എന്നിവരോട് വിശദീകരണം തേടി. തുടർന്നു സിഇഒ സ്കൂൾ അധികൃതർക്കു നോട്ടിസ് നൽകിയിരുന്നു.
ഉച്ചയ്ക്കു ശേഷം സ്കൂളിന് അവധിയായതിനാലും പ്രധാനമന്ത്രിയെ കാണാനുള്ള ആഗ്രഹം കൊണ്ടുമാണ് കുട്ടികളെ എത്തിച്ചതെന്നാണു സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ രാഷ്ട്രീയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും തെറ്റാണെന്നതു തിരഞ്ഞെടുപ്പു കമ്മിഷന്റെ ക്ലാസുകളിൽ പങ്കെടുത്ത അധ്യാപകർക്ക് അറിവുള്ളതാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വടവള്ളി ചിന്മയ വിദ്യാലയത്തിനെതിരെയും കമ്മിഷനു പരാതി ലഭിച്ചിട്ടുണ്ട്.