ADVERTISEMENT

കൊൽക്കത്ത ∙ നീണ്ട 48 വർഷമായി ബംഗാളിൽ അധികാരത്തിന് പുറത്താണ് കോൺഗ്രസ്. പക്ഷേ, കീഴടങ്ങാത്ത കരുത്തിന്റെ പര്യായം കൂടിയാണ് ഇവിടെ കോൺഗ്രസ്. ബിജെപിയുടെ കുതിപ്പു കണ്ട 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ഒറ്റ സീറ്റ് പോലും ജയിക്കാതിരുന്നപ്പോഴും 2 സീറ്റ് നേടാൻ കോൺഗ്രസിന് കഴിഞ്ഞു. 

ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്ന പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ കരുത്ത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ ഹൈക്കമാൻഡ് താൽപര്യപ്പെട്ടപ്പോഴും സീറ്റുകളുടെ എണ്ണത്തിൽ മമതയുടെ മുൻപിൽ മുട്ടുമടക്കാൻ അധീർ തയാറല്ലായിരുന്നു. ഭരണവിരുദ്ധ വോട്ടു മുഴുവൻ ബിജെപിക്ക് ലഭിക്കാതിരിക്കാൻ സിപിഎമ്മിനോടൊപ്പം ചേരണമെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇന്ത്യാ സഖ്യം തകർത്തത് അധീർ രഞ്ജനാണെന്ന് തൃണമൂൽ നേതാക്കൾ ആരോപിക്കുകയും ചെയ്തു. 

സിപിഎമ്മിന്റെ പ്രതാപകാലത്തും പിന്നീട് തൃണമൂൽ കൊടുങ്കാറ്റിലും ഇളകാതെ തുടർച്ചയായി 5 വട്ടം ബംഗാളിൽ നിന്ന് അധീർ ലോക്സഭയിലെത്തി. ബഹാരംപുരിലെ ചെറുപട്ടണത്തിൽ തലയെടുപ്പുള്ള പാർട്ടി ഓഫിസും അദ്ദേഹം പണികഴിപ്പിച്ചു. പാർലമെന്റിലെ മോദി വിമർശകനായ അധീർ ബഹാരംപുരിൽ സിപിഎം പിന്തുണയോടെ വീണ്ടുംമത്സരിക്കുകയാണ്.‘മനോരമ’ക്ക് നൽകിയ അഭിമുഖത്തിലേക്ക്. 

Qതുടർച്ചയായി 5  ജയം. എന്താണ് അധീർ മാജിക്? 

A അതിജീവനത്തിന്റെ സമരമാണ് കോൺഗ്രസ് ഇവിടെ നടത്തുന്നത്. 48 വർഷമായി അധികാരത്തിന് പുറത്താണ് ഞങ്ങൾ. പാർട്ടിയുടെ ജ്വാല കെടാതെ നിർത്തുന്നത് ഞങ്ങളുടെ ചുമതലയാണെന്ന് കരുതുന്നു. തുല്യർ തമ്മിലുള്ള േപാരാട്ടമല്ലായിരുന്നു ഇവിടെ.

Qയൂസുഫ് പഠാനെപ്പോലുള്ള സെലിബ്രിറ്റി, അതും ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ളയാളാണ് താങ്കളുടെ എതിരാളി?

Aഎന്തു വിലകൊടുത്തും എന്നെ തോൽപിക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കുകയാണ് ലക്ഷ്യം. അങ്ങനെയെങ്കിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യും. മോദിക്ക് എതിരെ ഒരു വാക്കുപോലും ഉച്ചരിക്കാത്തയാളാണ് അവരുടെ സ്ഥാനാർഥിയെന്ന് ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവർ അറിയണം എന്നില്ലല്ലോ

Qതൃണമൂൽ കോൺഗ്രസുമായി ധാരണ ഉണ്ടാകാത്തതിന്റെ പ്രധാനകാരണം ?

Aപ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിൽ മമത ബാനർജിക്ക് പങ്കുണ്ട്. എന്നാൽ, ഇപ്പോഴത്തെ രീതി കാണുമ്പോൾ ബിജെപിയുമായി ചില ധാരണകളുണ്ടെന്ന് കരുതണം. മമത മുന്നണി ഉപേക്ഷിച്ചതിന് ചില കാരണങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിന് സഖ്യത്തിൽ തുടരാൻ ധൈര്യം ഉണ്ടല്ലോ. ആ ധൈര്യം മമതയ്ക്ക് ഇല്ല. ബിജെപിയുടെ പ്രതികാരം ഭയന്നായിരിക്കാം മമത മുന്നണി വിട്ടത്.

Qസിപിഎം ഭരണകാലത്ത് കടുത്ത മർദനത്തിനിരയാക്കപ്പെട്ടിട്ടുണ്ട് കോൺഗ്രസുകാർ. ഇത് എല്ലാവരും മറന്നോ ?

Aഒരിക്കലും ഇല്ല. പക്ഷേ, ഇപ്പോൾ സിപിഎമ്മുമായി ഒരു ധാരണ സാഹചര്യം ആവശ്യപ്പെടുന്നു. ഇവിടത്തെ സാഹചര്യം കേരളത്തിലേതുപോലല്ല. തൃണമൂൽ ക്രൂരതകളുടെ ഇരകളാണ് സിപിഎമ്മും കോൺഗ്രസും. ഇരകൾ സ്വാഭാവികമായും ഒന്നിച്ചുവെന്നു മാത്രം.

English Summary:

Adhir Ranjan Chowdhury says Mamata Banerjee did not show Arvind Kejriwall's courage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com