ഇന്ത്യാസഖ്യം റാലി ഇന്ന്; ഖർഗെ, രാഹുൽ പങ്കെടുക്കും

Mail This Article
ന്യൂഡൽഹി ∙ രാംലീല മൈതാനത്ത് ഇന്നുനടക്കുന്ന ഇന്ത്യാസഖ്യ റാലിയിൽ കോൺഗ്രസിൽനിന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു പകരം എംപിമാരായ ഡെറക് ഒബ്രയനും സാഗരിക ഘോഷും പങ്കെടുക്കും. ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറൻ പങ്കെടുക്കും.
എല്ലാ പാർട്ടികളും ഒന്നിച്ചെത്തുന്ന ആദ്യ പൊതുപരിപാടി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപെങ്കിലും നടത്താൻ കഴിയുന്നുവെന്ന ആശ്വാസം ഇന്ത്യാസഖ്യത്തിനുണ്ട്. കഴിഞ്ഞവർഷം നവംബറിൽ ഭോപാലിൽ റാലി പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതാവ് കമൽനാഥ് ഇടഞ്ഞതോടെ ഒഴിവാക്കി. ഈ മാസം ആദ്യം ബിഹാറിൽ ആർജെഡിയും ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയിലും സമ്മേളനങ്ങൾ നടന്നെങ്കിലും എല്ലാ പാർട്ടികളും പങ്കെടുത്തില്ല.
അതേസമയം, ആംആദ്മി പാർട്ടിയും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ ഡൽഹിയിൽ സംയുക്തമായി നടത്തുന്ന പരിപാടിയെന്ന നിലയിൽ ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും കനത്ത ജാഗ്രതയിലാണ്.
കരുത്ത് കാട്ടാൻ
കേജ്‍രിവാളിന്റെ അറസ്റ്റോടെ പ്രതിപക്ഷ പാർട്ടികൾ താഴേത്തട്ടിൽ കൂടുതൽ അടുത്തുവെന്ന പ്രതീതിയുണ്ട്. സംയുക്ത റാലിയിലൂടെ ഇതു മെച്ചപ്പെടുത്താൻ കഴിയുമെന്നും ഇന്ത്യാസഖ്യം കണക്കുകൂട്ടുന്നു.