നീറ്റ് യുജി:ചോദ്യക്കടലാസ് ചോർന്നെന്ന് ആരോപണം, ഇല്ലെന്ന് എൻടിഎ

Mail This Article
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യുജിയുടെ ചോദ്യം ചോർന്നെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക പരാതി ഉയർന്നു. എന്നാൽ രാജസ്ഥാനിൽ ചോദ്യക്കടലാസ് മാറിപ്പോയതുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ചുകാണിക്കുകയാണെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വിശദീകരണക്കുറിപ്പിറക്കി.
രാജസ്ഥാനിലെ സവായ് മാധേപുരിലെ സ്കൂളിൽ ഹിന്ദി മീഡിയത്തിൽ പരീക്ഷയെഴുതാനിരുന്ന വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ചോദ്യക്കടലാസ് മാറിനൽകിയിരുന്നു. അധ്യാപകൻ പിഴവുപരിഹരിക്കുന്നതിനിടെ വൈകിട്ട് നാലോടെ ചില കുട്ടികൾ നിർബന്ധപൂർവം ഹാൾ വിട്ടിറങ്ങി. ഇവരുടെ ചോദ്യക്കടലാസുകളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്നാണ് എൻടിഎയുടെ വിശദീകരണം. അതിനകം പരീക്ഷ തുടങ്ങിയിരുന്നതിനാലും മറ്റു വിദ്യാർഥികളെല്ലാം പരീക്ഷാ ഹാളിലായിരുന്നതിനാലും ഇതു ചോദ്യച്ചോർച്ചയല്ലെന്നാണു വാദം. എന്നാൽ ‘നീറ്റ്’ നിയമാവലിപ്രകാരം, പരീക്ഷ പൂർത്തിയായശേഷമേ വിദ്യാർഥികൾ പുറത്തുപോകാൻ പാടുള്ളു.
പിഴവു സംഭവിച്ച സവായ് മാധേപുരിലെ ഗേൾസ് സ്കൂളിൽ പരീക്ഷയെഴുതിയ 120 കുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചു. മറ്റിടങ്ങളിലെല്ലാം പരീക്ഷ സുഗമമായി നടന്നതായും അറിയിച്ചു. അതേസമയം, പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കൊടുംചൂടു വില്ലനായി. ചില സ്ഥലങ്ങളിൽ വിദ്യാർഥികൾ കുഴഞ്ഞുവീണു.