ഐഎഎസ് വിട്ട് ബിജെപി സ്ഥാനാർഥി; രാജി സ്വീകരിക്കാതെ പഞ്ചാബ് സർക്കാർ

Mail This Article
ന്യൂഡൽഹി ∙ പഞ്ചാബിലെ ഭട്ടിൻഡ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥ പരമ്പൽ കൗറിന്റെ സ്വയം വിരമിക്കൽ അപേക്ഷ (വിആർഎസ്) പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ തള്ളി. ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം നൽകുകയും ചെയ്തു.
-
Also Read
ബിഎസ്പി സ്ഥാനാർഥി ആംആദ്മി പാർട്ടിയിൽ
പഞ്ചാബിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനുവദനീയ അംഗബലം 231 ആണെങ്കിലും നിലവിൽ 192 പേർ മാത്രമേയുള്ളൂവെന്നും അതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും കോറിനു നൽകിയ നോട്ടിസിൽ പറയുന്നു. തെറ്റായ കാരണം ചൂണ്ടിക്കാട്ടിയാണ് വിആർഎസിന് ശ്രമിച്ചതെന്നതിനാൽ 3 മാസത്തെ നോട്ടിസ് കാലാവധി ഒഴിവാക്കി നൽകിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
അതേസമയം, പഞ്ചാബ് സർക്കാർ എന്തു തീരുമാനമെടുത്താലും തനിക്ക് പ്രശ്നമില്ലെന്നും വിരമിക്കൽ അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചതാണെന്നും പരമ്പൽ പ്രതികരിച്ചു. അകാലിദൾ നേതാവ് സിക്കന്ദർ സിങ് മലൂകയുടെ മരുമകളാണ് പരമ്പൽ. വരുന്ന ഒക്ടോബറിൽ വിരമിക്കേണ്ട പരമ്പൽ പഞ്ചാബ് സ്റ്റേറ്റ് ഇൻസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ എംഡിയായിരുന്നു.