ADVERTISEMENT

ഒഡീഷ നിയമസഭയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബൊണെ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 146 മണ്ഡലങ്ങളിലും കാണാനാകാത്ത ദൃശ്യം ഇവിടെ കാണാം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം– കോൺഗ്രസ് കൊടികൾ ഒരുമിച്ചു പാറുന്നു. സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിച്ചുനിൽക്കുന്ന ദൃശ്യം ചുവരിൽ. പാർട്ടിയുടെ ഏക എംഎൽഎയായ ലക്ഷ്മൺ മുണ്ടെയുടെ വിജയത്തിനായി ഇവിടെ കോൺഗ്രസിനെ കൂട്ടുപിടിച്ചിരിക്കുകയാണ് സിപിഎം. ഒഡീഷയിലെ ഏക ‘ഇന്ത്യാമുന്നണി’ മണ്ഡലമാണു ബൊണെ.

എളുപ്പത്തിൽ വിശദീകരിക്കാനാകുന്നതല്ല ഒഡീഷയിലെ സിപിഎമ്മിന്റെ അടവുനയം. ഓരോ സീറ്റിലും വെവ്വേറെ കൂട്ടുകാർ. 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ മത്സരിച്ച പാർട്ടി ഇത്തവണ മത്സരം 7 ആയി ഉയർത്തി. ഇതിൽ ആറിടത്ത് കോൺഗ്രസുമായി സഖ്യമില്ല. എന്നാൽ പലയിടത്തും ഇന്ത്യാമുന്നണിയിലെ ചില പാർട്ടികളുടെ പിന്തുണയുണ്ട്. നിളഗിരി നിയമസഭാ മണ്ഡലത്തിലെത്തിയാൽ ഇടതുസഖ്യം തന്നെ ഇല്ലാതാകും; ഇവിടെ സിപിഎമ്മിനും സിപിഐക്കും സ്ഥാനാർഥികളുണ്ട്.

നിയമസഭയിൽ സിപിഎമ്മിന്റെ തീപ്പൊരിയാണ് ആദിവാസി വിഭാഗക്കാരനായ ലക്ഷ്മൺ മുണ്ടെ.  ബൊണെയിലെ കഴിഞ്ഞ 4 തിരഞ്ഞെടുപ്പുകളിൽ മൂന്നിലും വിജയിച്ച് മുണ്ടെ കരുത്തുകാട്ടി. കഴിഞ്ഞതവണ 12030 വോട്ടിന്റെ ഭൂരിപക്ഷം. ബിജെഡിയുടെ ബിൻസെൻ ചൗധരിയാണ് ഇത്തവണ പ്രധാന എതിരാളി. 2009ലെ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ചൗധരി മുണ്ടെയെ തോൽപിച്ചിരുന്നു. സീതാറാം യച്ചൂരി ഇവിടെ മുണ്ടെക്കു വോട്ടുചോദിക്കാനെത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭുവനേശ്വർ സീറ്റിൽ മാത്രമാണ് സിപിഎം മത്സരിക്കുന്നത്. സുരേഷ് പാണിഗ്രാഹിയാണ് സ്ഥാനാർഥി. ഇവിടെയും കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തി. നിയമസഭയിലേക്ക് 11 സീറ്റുകളിൽ മത്സരിക്കുന്ന സിപിഐക്കും ലോക്സഭയിൽ ഒരു സ്ഥാനാർഥി മാത്രം– കിഴക്കൻ ഒഡീഷയിലെ ജഗത്‌സിങ്പുരിൽ രമേഷ് ചന്ദ്ര സേഥി.

ബിജെഡിയും ബിജെപിയും ഒരുപോലെ

സിപിഎം സംസ്ഥാന സെക്രട്ടറി ഒലി കിഷോർ പട്നായിക് സംസാരിക്കുന്നു:

Q ഒഡീഷയിൽ ഇന്ത്യാസഖ്യത്തിന് തടസ്സം ആരാണ്? ആരാണ് സിപിഎമ്മിന്റെ എതിരാളി ?

A ബിജെഡിയും ബിജെപിയും ഒരു നാണയത്തിന്റെ 2 വശങ്ങളാണ്. അവർക്കെതിരെയാണു നിയമസഭയിൽ ഞങ്ങളുടെ പോരാട്ടം. കോൺഗ്രസിനെ ജയിപ്പിക്കുകയെന്നതല്ല, ബിജെപിയെ തോൽപിക്കുകയെന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ നയം. ഇടതുമുന്നണിക്ക് സ്ഥാനാർഥികളില്ലാത്ത സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. ഇന്ത്യാമുന്നണിയുടെ ഭാഗമായി മത്സരിക്കാൻ എല്ലാ സമയത്തും സിപിഎം തയാറായിരുന്നു. കൂടുതൽ സീറ്റ് വേണമെന്നു കോൺഗ്രസ് വാശി പിടിച്ചു. 

Q ബിജെഡി പ്രചാരണം നയിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വി.കെ.പാണ്ഡ്യനാണല്ലോ?

A അയാൾ ഒഡീഷക്കാരുടെ ശത്രുവാണ്. ബിജെഡി ഭരണത്തിനു കീഴിൽ കോർപറേറ്റുകൾ ഒഡീഷയെ വിഴുങ്ങുമ്പോൾ ഇടനിലക്കാരൻ പാണ്ഡ്യനാണ്.

English Summary:

Congress supporting CPM in Bonai assembly constituency in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com