ADVERTISEMENT

പ്രയാഗ്​രാജ് ∙ ഉത്തർ പ്രദേശിലെ ഫുൽപുർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു റാലിക്കെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും ജനക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ പ്രസംഗിക്കാനാവാതെ മടങ്ങേണ്ടിവന്നു.  ജനങ്ങൾ ബാരിക്കേഡ് തകർത്ത് വേദിക്കടുത്തേക്ക് എത്തിയതോടെയാണ് അപകടം ഒഴിവാക്കാൻ യോഗം റദ്ദാക്കിയത്. 

പതിനായിരക്കണക്കിന് ആളുകളാണ് യോഗത്തിനെത്തിയത്. ജനങ്ങളോട് ശാന്തരാകാൻ രാഹുലും അഖിലേഷും ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിട്ടോളം ഇരുവരും കാത്തുനിന്നെങ്കിലും ജനങ്ങൾ ശാന്തരായില്ല. ഉന്തും തള്ളും മൂലം അപകട സാധ്യതയുണ്ടെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് ഇരു നേതാക്കളും വേദിയിലിരുന്നു ചർച്ച നടത്തിയശേഷം മടങ്ങിപ്പോകാൻ തീരുമാനിച്ചത്. ജനങ്ങൾ ഇരച്ചുകയറുന്നതിന്റെ വിഡിയോ കോൺഗ്രസും എസ്പിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഫുൽപുർ മണ്ഡലത്തിൽ മത്സരിക്കുന്ന എസ്പി സ്ഥാനാർഥി അമർനാഥ് മൗര്യയുടെ പ്രചാരണത്തിനാണ് പഡില മഹാദേവിൽ യോഗം സംഘടിപ്പിച്ചത്. 

തരംഗമായി രാഹുൽ–അഖിലേഷ്  ചർച്ച

പ്രയാഗ്​രാജ്∙ ഫുൽപുരിൽ പ്രസംഗം നടത്താൻ കഴിയാതെ വന്നതോടെ വേദിയിലിരുന്ന് 15 മിനിട്ടോളം രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും രാഷ്ട്രീയം ചർച്ച ചെയ്തതിന്റെ ദൃശ്യം സമൂഹമാധ്യമത്തിൽ തരംഗമായി. മുലായം സിങ് യാദവിനെപ്പറ്റി പറയാമോ എന്നു ചോദിച്ചപ്പോൾ ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവർത്തകരും അടിത്തട്ടിലുള്ളവർക്കു വേണ്ടിയുള്ള രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്.അദ്ദേഹത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങൾ അറിയാമായിരുന്നതിനാൽ മണ്ണിന്റെ മകൻ എന്നു വിളിക്കുമായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു. 

തുടർന്ന് ഇരുവരും  പ്രകടനപത്രിക ചർച്ച ചെയ്തു. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിയാൽ സമ്പദ്​വ്യവസ്ഥ മെച്ചപ്പെടും എന്ന് അഖിലേഷ് പറഞ്ഞു. അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതിനെപ്പറ്റി ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാൻ തുടങ്ങിയിട്ടുണ്ടെന്നു രാഹുൽ ചൂണ്ടിക്കാട്ടി. അപ്പോൾ രാഹുലിന്റെ പ്രസംഗങ്ങളാണ് അതിനിടയാക്കിയതെന്ന് അഖിലേഷ് മറുപടി പറഞ്ഞു. 

കോൺഗ്രസും എസ്പിയും തമ്മിൽ മുൻപ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ ഒരുമിച്ച് പോരാടുകയാണെന്ന് അഖിലേഷ് പറഞ്ഞപ്പോൾ ഇത്തവണത്തെ സഖ്യം വളരെ ശക്തമാണെന്നു രാഹുൽ കൂട്ടിച്ചേർത്തു. സംവാദത്തെ എന്തുകൊണ്ടാണ് മോദി ഭയപ്പെടുന്നതെന്ന് രാഹുൽ ചോദിച്ചു. സത്യത്തെ അഭിമുഖീകരിക്കാൻ അദ്ദേഹം തയാറല്ല എന്നായിരുന്നു അഖിലേഷ് ഉത്തരം നൽകിയത്.  

യുപിയിൽ ബിജെപി ജയിക്കുക ഒരു സീറ്റിൽ: രാഹുൽ

പ്രയാഗ്​രാജ്∙ യുപിയിൽ ബിജെപിക്ക് ഒരു സീറ്റു മാത്രമേ കിട്ടുകയുള്ളൂവെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ക്യോട്ടോ (വാരാണസി) മാത്രമേ ബിജെപിക്ക് ജയിക്കാൻ കഴിയൂ എന്ന് പ്രയാഗ്​രാജിലെ ഇന്ത്യാ സഖ്യം സ്ഥാനാർഥി കോൺഗ്രസിന്റെ ഉജ്വൽ രമൺ സിങ്ങിനു വേണ്ടി നടത്തിയ പ്രചാരണത്തിനിടെ രാഹുൽ പറഞ്ഞു. ജപ്പാനിലെ ക്യോട്ടോ നഗരം പോലെ വാരാണസിയെ മാറ്റുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. 

English Summary:

People thronged to meet india bloc leaders in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com