വിജയസാധ്യത വിലയിരുത്തി കോൺഗ്രസ്

Mail This Article
ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ഏറ്റവുമധികം സ്വാധീനമുള്ള യുപിയിലെ അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ, ഇരു മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.
സമാജ്‌വാദി പാർട്ടിയുടെ (എസ്പി) പിന്തുണ അവിടെ ഗുണം ചെയ്യും. റായ്ബറേലി ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട 5 നിയമസഭാ മണ്ഡലങ്ങളിൽ നാലും എസ്പിയുടെ പക്കലാണ്. മണ്ഡലത്തിൽ ഗാന്ധി കുടുംബത്തിനുള്ള സ്വീകാര്യതയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ജയമുറപ്പിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമേഠിക്കു പിന്നാലെ റായ്ബറേലിയിലും തോൽക്കുന്നതു രാഹുലിന്റെ രാഷ്ട്രീയഭാവിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നതിനാൽ, സർവകരുത്തുമെടുത്താണ് ഇക്കുറി കോൺഗ്രസ് പോരിനിറങ്ങിയത്.
2019 ൽ പരാജയപ്പെട്ട അമേഠിയിൽ ഇക്കുറി രാഹുൽ മത്സരിക്കാത്തതു പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ടെങ്കിലും ജയിച്ചുകയറാനുള്ള സാധ്യതയുണ്ടെന്നു കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാർഥി കിശോരിലാൽ ശർമയ്ക്കു മണ്ഡലത്തിലുടനീളം സ്വാധീനമില്ല. എന്നാൽ, പ്രിയങ്ക ഗാന്ധി നടത്തിയ ഊർജിത പ്രചാരണവും പ്രാദേശിക ബിജെപി നേതൃത്വവുമായി സ്മൃതി ഇറാനി അകന്നതും കോൺഗ്രസിനു ഗുണം ചെയ്യുമെന്നു പാർട്ടി കരുതുന്നു.