ഫൈസാബാദ്, ഭൂരിപക്ഷ ഇടിവ്: ബിജെപി ഞെട്ടലിൽ; യുപി തോൽവിയിൽ യോഗി ആദിത്യനാഥിനെ പ്രതിക്കൂട്ടിലാക്കാനും നീക്കം
Mail This Article
ന്യൂഡൽഹി ∙ രാമഭക്തരും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമെന്ന് തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചാണ് ഉത്തർപ്രദേശിൽ സീറ്റുകൾ കൊയ്യാൻ ബിജെപി ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയിട്ടും രാമക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലം അടക്കമുള്ളിടങ്ങളിൽ കനത്ത പരാജയം നേരിട്ടതിന്റെ ഞെട്ടലിലാണ് ബിജെപി.
ബിഹാറിൽ നല്ല പ്രകടനം നടത്തുകയും യുപിയിൽ തോൽക്കുകയും ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിക്കൂട്ടിലാകുന്ന പ്രതികരണങ്ങളും പാർട്ടിയിലുണ്ടാവുന്നു. കേന്ദ്രനേതൃത്വത്തിലെ ചില നേതാക്കളുമായി യോഗി ആദിത്യനാഥിനുണ്ടെന്നു പറയപ്പെടുന്ന അസ്വാരസ്യങ്ങൾ മുൻനിർത്തിയാണിത്.
മോദിക്കു ശേഷം യോഗിയെ ഉയർത്തിക്കാണിക്കുന്നതിന് തടസ്സമായി നിൽക്കുന്നവരെ പാഠം പഠിപ്പിച്ചതാണെന്ന മട്ടിലാണ് പ്രചാരണങ്ങൾ. ഈ ആരോപണം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പാർട്ടിയുടെ മുതിർന്ന നേതാക്കൾ തയാറായില്ല.
പടിഞ്ഞാറൻ യുപി (10), ബ്രജ് (8) അവധ് (20), രോഹിൽഖണ്ഡ് (11), ബുന്ദേൽഖണ്ഡ് (5), പൂർവാഞ്ചൽ (26) എന്നീ മേഖലകളിലെല്ലാം ഒരു പോലെ ബിജെപിക്കു തിരിച്ചടി നേരിട്ടു. കർഷക രോഷമുള്ള പടിഞ്ഞാറൻ യുപിയിൽ കഴിഞ്ഞ തവണ 6 സീറ്റു കിട്ടിയിടത്ത് ഇത്തവണ 4 സീറ്റാണ് കിട്ടിയത്. ബ്രജ് മേഖലയിൽ 7 കിട്ടിയിടത്ത് 2 സീറ്റ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ.
അയോധ്യ നഗരമുള്ള ഫൈസാബാദ് മണ്ഡലമടങ്ങുന്ന അവധിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടു. 16 സീറ്റ് 9 ആയി കുറഞ്ഞു. രോഹിൽ ഖണ്ഡിൽ 9 സീറ്റുണ്ടായിരുന്നത് നാലായി. ലക്നൗവിൽ രാജ്നാഥ് സിങ് അടക്കമുള്ളവരുടെ ഭൂരിപക്ഷം കുറഞ്ഞു. 2019 ൽ 3.47 ലക്ഷം ആയിരുന്നെങ്കിൽ ഇത്തവണ 1.5 ലക്ഷം ആയി കുറഞ്ഞു. ലഖിംപുർ ഖേരി മണ്ഡലത്തിലെ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ പരാജയം ശ്രദ്ധിക്കപ്പെടും. മിശ്രയുടെ മകൻ ആശിഷ് മിശ്ര 2021ൽ കർഷകർക്കു മേൽ വാഹനമിടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
കഴിഞ്ഞ തവണ അഞ്ചിൽ അഞ്ചും ബിജെപിക്കു നൽകിയ ബുന്ദേൽഖണ്ഡ് മേഖല ഇത്തവണ ഒരു സീറ്റുമാത്രമാണ് നൽകിയത്. 18 സീറ്റു നേടിയ പൂർവാഞ്ചൽ മേഖലയിൽ ഇത്തവണ 10 സീറ്റാണ് കിട്ടിയത്. വാരാണസിയിൽ പ്രധാനമന്ത്രി മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് നാണക്കേടാവുകയും ചെയ്തു. ദലിത് വോട്ടുകൾ കൂടിയ മണ്ഡലങ്ങൾ ബിജെപിയെ കൈവെടിഞ്ഞതിനു പിന്നിൽ 400 സീറ്റു കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന പ്രതിപക്ഷ പ്രചാരണവും പങ്കുവഹിച്ചു.