ഒറ്റയ്ക്കൊരു വിജയം; ദലിത് ചാംപ്യനായി ചന്ദ്രശേഖർ ആസാദ്

Mail This Article
ന്യൂഡൽഹി ∙ സിഎഎ വിരുദ്ധ സമരത്തിന്റെ മുഖമായി മാറിയിരുന്ന ചന്ദ്രശേഖർ ആസാദ് യുപിയിലെ നഗീന മണ്ഡലത്തിൽ നേടിയ തിളക്കമുള്ള ജയം 2 പേരുടെ ഉറക്കം കെടുത്തും–ബിജെപിയുടെയും ബിഎസ്പിയുടെയും. ചന്ദ്രശേഖർ ലോക്സഭയിലെത്തുമ്പോൾ പ്രതിപക്ഷ നിരയിൽ ശബ്ദത്തിനു കനം കൂടും. സ്വന്തമായി സ്ഥാപിച്ച ആസാദ് സമാജ് പാർട്ടിയുടെ പേരിലാണ് നഗീനയിൽ ചന്ദ്രശേഖർ മത്സരിച്ചത്. ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടത്തിൽ ഒന്നരലക്ഷം വോട്ടുകൾക്കായിരുന്നു ജയം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 2 സർക്കാരുകളുടെയും കടുത്ത വിമർശകനായിരുന്ന ചന്ദ്രശേഖർ ആസാദിനു കോൺഗ്രസുമായി അടുക്കാൻ വൈമുഖ്യമുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയോട് അടുപ്പമുണ്ട്.
അതേസമയം, ദലിത് വിഭാഗത്തിൽ വീരപരിവേഷമുള്ള ചന്ദ്രശേഖർ വോട്ടുകൾ ഏകീകരിക്കുന്നതിലും മികവു പുലർത്തി. ഇത് ആശങ്ക നൽകുന്നത് ബിഎസ്പിക്കാണ്. ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനത്തിൽ ആസാദ് സമാജ് പാർട്ടി പ്രഖ്യാപിച്ച ചന്ദ്രശേഖർ, യുപിയിലെ പുതിയ മായാവതിയാകുമോയെന്നാണ് ഇനി അറിയേണ്ടത്. ചന്ദ്രശേഖർ ജയിച്ച മണ്ഡലത്തിൽ ബിഎസ്പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലഭിച്ചത് ആകെ 13,272 വോട്ട് മാത്രം.